സര്‍ക്കാര്‍ ബാലമന്ദിരത്തില്‍ കുട്ടിയെ ദത്തെടുക്കാന്‍ കോഴ വാങ്ങിയെന്ന് പരാതി
Kerala
സര്‍ക്കാര്‍ ബാലമന്ദിരത്തില്‍ കുട്ടിയെ ദത്തെടുക്കാന്‍ കോഴ വാങ്ങിയെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2013, 2:39 pm

[]തൃശൂര്‍: സര്‍ക്കാര്‍ ബാലമന്ദിരത്തില്‍ നിന്ന് കുട്ടിയെ ദത്തെടുക്കുന്നതിന് കോഴ ആവശ്യപ്പെട്ടതായി പരാതി.

സുനാമി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടിയെ ദത്തെടുക്കാന്‍ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് തിരുനെല്‍വേലി സ്വദേശി പനീര്‍ശെല്‍വനാണ് പരാതി നല്‍കിയിരിക്കുന്നത്.

കൊല്ലം ബോയിസ് ഹോമിലെ കെയര്‍ ടേക്കര്‍ സന്തോഷാണ് കുട്ടിയെ വിട്ട് നല്‍കാന്‍ പണം ആവശ്യപ്പെട്ടത്. പരാതിയെ തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു.

മകള്‍ കാന്‍സര്‍ ബാധിതയായി മരിച്ചതിനെ തുടര്‍ന്നാണ് പനീര്‍ശെല്‍വവും ഭാര്യയും കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്.

ഒരു പരിചയക്കാാരന്‍ വഴിയാണ് കൊല്ലം ബോയിസ് ഹോമിലെ കെയര്‍ ടേക്കര്‍  സന്തോഷിനെ പരിചയപ്പെടുന്നത്.

വെളുത്ത കുട്ടിക്ക് എട്ട് ലക്ഷം രൂപയും കറുത്ത കുട്ടിയാണെങ്കില്‍ മൂന്നര ലക്ഷം രൂപയും നല്‍കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടുവെന്നും അനാഥയായ പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ അഡ്വാന്‍സായി 1,25,000 രൂപ ഇയാള്‍ക്ക് നല്‍കിയെന്നും ശെല്‍വം പരാതിയില്‍ പറയുന്നു.

പിന്നീട് കുട്ടിയെ ദത്തെടുക്കാന്‍ തിരുവനന്തപുരം ജൂവനൈല്‍ ഹോമിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ സമീപിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് ശെല്‍വം മനസിലാക്കുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

തിരുവനന്തപുരം ബാലഭവനിലെ ചില ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നുവെന്നും ശെല്‍വം പറഞ്ഞു.