കോഴിക്കോട്: ഇന്നത്തെ ചില പത്രങ്ങള്‍ വായിച്ചവരെല്ലാം അമ്പരന്നിട്ടുണ്ട്. പത്രം സാധാരണ ഗതിയില്‍ കൊടുക്കുന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇന്നത്തെ ഒന്നാം പേജിന്റെ ഉള്ളടക്കം.
പൂട്ടലിന്റെ വക്കില്‍ കെ.എസ്.ആര്‍.ടിസി, ഇന്ന് മുതല്‍ ലോഡ് ഷെഡിങ്, നാല്പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെയാണ് ഒന്നാം പേജില്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ പി.ആര്‍.ഡി നല്‍കിയ പത്ര പരസ്യമാണ്. ദി ഹിന്ദു, ദേശാഭിമാനി, സുപ്രഭാതം, മാധ്യമം, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ജനയുഗം തുടങ്ങിയ പത്രങ്ങളലാണ് ഇത്തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും താരതമ്യം എന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഒന്നാം പേജില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പോരായ്മകള്‍ എന്ന് ഇടതുമുന്നണി വാദിക്കുന്ന കാര്യങ്ങളാണ് നല്‍കിയിരിക്കുന്നതെങ്കില്‍ രണ്ടാം പേജില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന് കാണിച്ച് കൊണ്ടുളള വാര്‍ത്തകളാണ് നല്‍കിയിരിക്കുന്നത്.
‘കേരളം ഇനി ഇരുട്ടില്‍, ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ് എന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെകുറിച്ച് പറയുമ്പോള്‍ ‘പവര്‍ക്കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍, കേരളത്തില്‍ വെളിച്ച വിപ്ലവം എന്ന തരത്തിലാണ് പിണറായി വിജയന്റെ ഭരണകാലത്തെ പരസ്യം ചൂണ്ടിക്കാട്ടുന്നത്.
വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും ക്ഷേമ പെന്‍ഷന്‍, കെ.എസ്.ആര്‍.ടിസി, ദേശീതപാത സ്ഥലമെടുപ്പ്, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവയും താരതമ്യം ചെയ്തിട്ടുണ്ട്.
ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് ‘ഓണത്തിനും ക്ഷേമമില്ല, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം, എന്നതാണ് ഒന്നാമത്തെ പേജിലെ വാര്‍ത്ത. എന്നാല്‍ രണ്ടാം പേജില്‍ ‘ രണ്ടായിരം രൂപ വീതം അറുപത്തി രണ്ട് ലക്ഷം പേര്‍ക്ക്, മുടങ്ങാതെ പെന്‍ഷന്‍, കൈനിറയെ ക്ഷേമം’ എന്നിങ്ങനെയാണ് രണ്ടാം പേജില്‍ കൊടുത്തിരിക്കുന്നത്.
യു.ഡി.എഫ് ഭരണകാാലത്ത് ‘പരീക്ഷയെഴുതിയത് പാഠപുസ്തകം ഇല്ലാതെയാണെന്നും എല്‍.ഡി.എഫ് ഭരണകാലത്ത് പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കും മുമ്പേ’ എന്നുമാണ് പരസ്യത്തിലെ വാര്‍ത്ത.
മന്ത്രിമാരുടെ പ്രതികരണങ്ങളും താരതമ്യം ചെയ്ത്‌കൊണ്ടും നല്‍കിയിട്ടുണ്ട്.
കളറായത് കൊണ്ട് വൈകിയെന്നാണ് യു.ഡി.എഫ് മന്ത്രിയുടെ പ്രതികരണമായി നല്‍കിയിരിക്കുന്നത്.
പാഠപുസ്തകങ്ങള്‍ കളറില്‍ അച്ചടിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണ് പുസ്തക വിതരണം വൈകിയതെന്നും പറയുന്നു.
എന്നാല്‍ ഫോട്ടോ സ്റ്റാറ്റ് ഇനി വേണ്ട എന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മന്ത്രി പറഞ്ഞത്.
‘എങ്ങുമെത്താതെ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി, ദേശീയപാത വികസനം മതിയാക്കി അതോറിറ്റി, ടാറിനും കുടിശ്ശിക റോഡ് പണി നിലച്ചു തുടങ്ങിയവയും നല്‍കിയിട്ടുണ്ട്.
പി.ആര്‍.ഡിയുടെ പരസ്യത്തിനെതിരെ ഇതിനോടകം തന്നെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മരിച്ചിട്ടും ഉമ്മന്‍ചാണ്ടിയെ അപമാനിക്കുകയാണെന്നും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സര്ഡക്കാരിന്റെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് എന്ന തരത്തിലാണ് പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയത്.
Content Highlight: Government launches ‘front page’ ad for 2012, recalling ‘dark times’
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.