രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് പേടി : ശശി തരൂര്‍
national news
രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് പേടി : ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2023, 6:52 pm

ന്യൂദല്‍ഹി: സ്വയം വിനയാകുമെന്ന് വിചാരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അദാനി ഓഹരി വിവാദത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ലമെന്റ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഇടമാണ്. എം.പിമാര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ പരിഗണനകള്‍ എന്താണെന്നും ജനങ്ങള്‍ക്ക് വ്യക്തമാകുന്ന ഒരിടം കൂടിയാണ് പാര്‍ലമെന്റ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന് അത് മനസിലാകുന്നില്ല. അവര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ തന്ത്രപരമായി ഒഴിവാക്കുകയാണ്. സര്‍ക്കാരിന്റെ ഈ നിലപാടു കാരണം രണ്ട് ദിവസമാണ് നഷ്ടമായത്,’ അദ്ദേഹം പറഞ്ഞു.

‘എല്ലാ പ്രതിപക്ഷ പാര്‍’ട്ടികള്‍ക്കും ഏകപക്ഷീയമായി അദാനി വിഷയം ചര്‍ച്ച ചെയ്യണം എന്നുണ്ടായിരുന്നു. കാരണം അവര്‍ക്കറിയാം ഈ വിഷയം ഇന്ത്യയിലെ ജനങ്ങളെ എത്ര രൂക്ഷമായി ബാധിക്കുമെന്ന്. സര്‍ക്കാര്‍ ചര്‍ച്ച ചെയ്യേണ്ട സുപ്രധാന വിഷയം തന്നെയാണിത്,’ ശശി തരൂര്‍ എം.പി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് തങ്ങള്‍ക്ക് തന്നെ വിനയായേക്കുമെന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വലിയ മടിയാണ്. അതിര്‍ത്തിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല. തൊഴിലില്ലായ്മയും, വിലക്കയറ്റവും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് ചെയ്തിട്ടില്ല എന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം മടി കാണിക്കുന്നത് എന്തിനാണെന്നും, എല്ലാ പാര്‍ട്ടികളും അംഗമായ സമിതി രൂപീകരിച്ച് അന്വേഷണം വേഗത്തിലാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹില്‍ പറഞ്ഞു.

പ്രതിപക്ഷം തടസങ്ങള്‍ അവസാനിപ്പിച്ച് രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

‘അവര്‍ ഏതുവിഷയത്തെ അടയാളപ്പെടുത്താന്‍ അഗ്രഹിക്കുന്നുവോ അത് ചര്‍ച്ചക്കിടയില്‍ ചെയ്യാം. എന്നാല്‍ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിലെ രാഷ്ട്രപതിയുടെ സംബോധനയ്ക്ക് നന്ദി രേഖപ്പെടുത്തേണ്ടതാണ് അവയേക്കാളെല്ലാം പ്രധാനം,’ പാര്‍ലമെന്ററി കാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു.

അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ലോക്‌സഭാ- രാജ്യസഭാ അധ്യക്ഷന്മാരുടെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

Content Highlight: Government is  stalling discussions that would embarrass itself