കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവുമധികം ഹൃദയശസ്ത്രക്രിയകള്‍ നടന്നത് സര്‍ക്കാര്‍ ആശുപത്രികളിലെന്ന് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയ ശസ്ത്രക്രികള്‍ നടത്തിയ ആശുപത്രികളുടെ പട്ടികയില്‍ ആദ്യത്തെ നാല് സ്ഥാനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികള്‍ ഇടം പിടിച്ചു. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ വെബ്‌സൈറ്റിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൃദയശസ്ത്രക്രിയകളുടെ എണ്ണത്തില്‍ മുന്നിലുള്ള കേരളത്തിലെ ആശുപത്രികളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഒരു സ്വകാര്യ ആശുപത്രി മാത്രമാണുള്ളത്.
എറണാകുളം ജനറല്‍ ആശുപത്രി കൃത്യസമയത്ത് കണക്കുകള്‍ സമര്‍പ്പിക്കാത്തത് കാരണമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികള്‍ എന്ന റെക്കോര്‍ഡ് നഷ്ടപ്പെട്ടത്. കണക്ക് നല്‍കാന്‍ വൈകിയതിനാല്‍ ആശുപത്രിയെ പട്ടികയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ്, ലിസ ഹോസ്പിറ്റല്‍ എറണാകുളം (സ്വകാര്യ ആശുപത്രി), ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ആശുപത്രികള്‍.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞവര്‍ഷം 4905 ആന്‍ജിയോപ്ലാസ്റ്റി ചികിത്സയാണ് നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 3431 ചികിത്സകളും. ഒപ്പം 6191 ഹൃദ്രോഗവുമായി ബന്ധപ്പെട്ട അനുബന്ധ ശസ്ത്രക്രിയകളും നടത്തി.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിവസവും ശരാശരി 600നും 650നുമിടയില്‍ രോഗികളാണ് കാര്‍ഡിയോളജി ഒ.പിയില്‍ മാത്രം ചികിത്സ തേടുന്നത്.
ഇവിടെ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കാനായി പുതിയ കാത്ത് ലാബിന് വേണ്ടി സര്‍ക്കാര്‍ 15 കോടി രൂപയും കഴിഞ്ഞദിവസം അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന്റെ മികവും സര്‍ക്കാര്‍ ആശുപത്രികളുടെ മേന്മയുമാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലുണ്ടായ ആധുനികവത്കരണവും വലിയ നേട്ടത്തിന് കാരണമായി.