പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയാനൊരുങ്ങി മോദിസര്‍ക്കാര്‍; ഭൂമിക്കടിയില്‍ക്കൂടി പാത, കൂടുതല്‍ എം.പിമാര്‍ക്ക് സൗകര്യം; പദ്ധതി വിശദീകരിച്ച് കേന്ദ്രമന്ത്രി
ന്യൂദല്‍ഹി: മന്ത്രിമാരുടെയും എം.പിമാരുടെയും ഓഫീസുകള്‍ വരെ ഉള്‍ക്കൊള്ളിക്കുന്ന പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുമെന്ന് കേന്ദ്രമന്ത്രി. 90 വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് കെട്ടിടത്തിന് അടുത്താണ് ഇതു പണിയുകയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിര്‍മാണസ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിലെ വിദഗ്ധര്‍ ഇക്കാര്യത്തെക്കുറിച്ച് നല്‍കിയ ആശയങ്ങള്‍ പരിഗണനയിലുണ്ടെന്നും ആരെങ്കിലും ഇനി രാഷ്ട്രീയമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കൂടുതല്‍ എം.പിമാരെ ഉള്‍ക്കൊള്ളിക്കുന്ന തരത്തില്‍ ഇരുസഭകളും ഉള്ള പാര്‍ലമെന്റ് കെട്ടിടമാണ് പരിഗണനയിലുള്ള ഒരു മാതൃക. ഭൂമിക്കടിയില്‍ക്കൂടിയുള്ള പാത ഇരു കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യും.
നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയങ്ങളാക്കി മാറ്റുകയും ചെയ്യാം.’- അദ്ദേഹം പറഞ്ഞു. അതേസമയം അതിര്‍ത്തികള്‍ മാറ്റിനിശ്ചയിക്കപ്പെടുന്നതോടെ പാര്‍ലമെന്റിന്റെ അംഗസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നതും അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം മാറ്റിപ്പണിയാനുള്ള പദ്ധതി കഴിഞ്ഞയാഴ്ച മോദിസര്‍ക്കാര്‍ എടുത്തിരുന്നു. പാര്‍ലമെന്റ് കെട്ടിടത്തിന്റെയും പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെയും നിര്‍മാണത്തിനുള്ള പ്രൊപ്പോസല്‍ ക്ഷണിച്ചതും ഈ മാസമാണ്.
സര്‍ക്കാര്‍ പാര്‍ലമെന്റ് കെട്ടിടം തകര്‍ക്കാന്‍ പോവുകയാണെന്ന ആരോപണം ഒരു പ്രമുഖ ആര്‍ക്കിടെക്ട് ഉന്നയിച്ചിരുന്നെന്നും അതുണ്ടാവില്ലെന്നും പുരി വ്യക്തമാക്കി.
190 വര്‍ഷം ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരാണ് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനു ചേരുന്ന വിധത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നും അവര്‍ക്ക് നല്ല ആര്‍ക്കിടെക്ടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ 70 ശതമാനവും 2030-ഓടെ മാറ്റിപ്പണിയുമെന്നും അദ്ദേഹം പറഞ്ഞു.