ന്യൂദല്‍ഹി: പോണോഗ്രഫിയേയും അശ്ലീല കണ്ടന്റുകളേയും പ്രോത്സാഹിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 25 ഓളം വരുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം.
നവരസ ലൈറ്റ്, ALTBalaji, ULLU പോലുള്ള ആപ്പുകളും വെബ്സൈറ്റുകളുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അശ്ലീലവും, അസഭ്യവും കലര്‍ന്ന ഉള്ളടങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് നടപടി.
ALTBalaji, ULLU, Big Shots App, Desiflix, Boomex, Navarasa Lite, Gulab App എന്നിവയുള്‍പ്പെടെ 25 ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പോണോഗ്രഫി ആരോപിച്ച് 25 ഓളം ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളും ആപ്പുകളും ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആപ്പുകളിലുള്ള കണ്ടന്റുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പല പ്ലാറ്റ്ഫോമുകളിലും ‘ലൈംഗിക വൈകൃതങ്ങള്‍’ അടങ്ങിയ ഉള്ളടക്കവും, ചിലതില്‍ ‘നഗ്‌നത’ ഉള്‍പ്പെടെ ലൈംഗികത പ്രകടമാക്കുന്ന കണ്ടന്റുകളുമാണ് ഉള്ളതെന്നുമാണ് ആരോപണം.
സാമൂഹ്യ സന്ദേശങ്ങള്‍ നല്‍കുന്ന ഉള്ളടക്കം ഉണ്ടാക്കേണ്ടതിന് പകരം അശ്ലീലവും പോണോഗ്രഫിയും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളുടെ അതിപ്രസരമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ഉള്ളതെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ നഗ്‌നതയും ലൈംഗിക ഉള്ളടക്കവും ചിത്രീകരിക്കുന്നതും സ്ട്രീം ചെയ്യുന്നതും വിലക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം ഈ പ്ലാറ്റ്ഫോമുകള്‍ പരിശോധനയ്ക്ക് വിധേയമാകുന്നത് ഇതാദ്യമല്ല.
ഈ വര്‍ഷം ഏപ്രിലില്‍, ഒ.ടി.ടിയിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു പൊതു താത്പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു.
ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും പ്രധാന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.