നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാർ വീഴ്ച വരുത്തി, മണിപ്പൂരിൽ നടക്കുന്നത് സമാനതകളില്ലാത്ത സംഘര്‍ഷം; ഹൈക്കോടതി ചീഫ് ജസ്റ്റിസ്
national news
നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാർ വീഴ്ച വരുത്തി, മണിപ്പൂരിൽ നടക്കുന്നത് സമാനതകളില്ലാത്ത സംഘര്‍ഷം; ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 1:57 pm

ഇംഫാല്‍: സമാനതകളില്ലാത്ത സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍. ഹൈക്കോടതി ഉത്തരവുകളോട് സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുന്നതില്‍ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു.

ജുഡീഷ്യറിക്ക് സുരക്ഷ നല്‍കുന്നതില്‍ ഉള്‍പ്പടെ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഇന്റര്‍വ്യൂ നടത്തിയെങ്കിലും അവരുടെ നിയമനം ഇനിയും നടത്തിയിട്ടില്ലെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും അതില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ പ്രശ്‌നം ഉള്ളതിനാല്‍ എല്ലാ അഭിഭാഷകരെയും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ജോലിക്ക് നിയമിക്കാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജുഡീഷ്യറിയുടെ ജീവനക്കാര്‍ അധിക ജോലി ചെയ്യാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ നിര്‍ദേശങ്ങളില്‍ ചിലത് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചിലതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് പോലുമില്ല. ഇത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിവേചനമാണ്,’ ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ പറഞ്ഞു.

ഇതില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അതില്‍ യാതൊരു പ്രതീക്ഷയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 മാര്‍ച്ചില്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് മൃദുല്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാളാണ്. 2023 ഒക്ടോബറിലാണ് മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിതനായത്.

Content Highlight: government abiding by our directions selectively: Manipur Chief Justice