ഗൗരിയമ്മ: ഒരു വെച്ചുമാറല്‍ കച്ചവടം
Daily News
ഗൗരിയമ്മ: ഒരു വെച്ചുമാറല്‍ കച്ചവടം
ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2011, 9:41 pm

വി.കെ രവീന്ദ്രന്‍

ഗൗരിയമ്മക്ക് കേരള രീഷ്ട്രീയ ചരിത്രത്തില്‍ അതിന്റെതായ സ്ഥാനമുണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും കേരള ധനകാര്യമന്ത്രിയുമായ തോമസ് ഐസകിന് ഇപ്പോഴാണ് ബോധ്യം വന്നത്. ഐസക് ഇങ്ങിനെയൊരു വെളിപ്പെടുത്തല്‍ നടത്തിയില്ലെങ്കിലും കേരളീയ സമൂഹത്തില്‍ ഗൗരിയമ്മക്കുള്ള സ്ഥാനമെന്താണെന്ന് ഏതൊരു സാധാരണക്കാരനുമറിയാം. കേരള രാഷ്ട്രീയ ഭുപടത്തില്‍ വിശേഷിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ സ്വന്തം വ്യക്തിത്വത്തെ പാകപ്പെടുത്തിയെടുക്കാന്‍ ഗൗരിയമ്മ സഹിച്ച ത്യാഗം അനുപമാണ്. അതിന് സാദൃശ്യങ്ങളില്ല.

ഗൗരിയമ്മ എങ്ങിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിപ്പെട്ടുവെന്നതും ഒരു വിഷയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിപ്പെട്ട ഗൗരിയമ്മ നിസ്വാര്‍ഥയായിരുന്നു. പാര്‍ട്ടി മാത്രമായിരുന്നു അവരുടെ മുന്നില്‍. പീഡനങ്ങളുടെ ഒരു മഹാപര്‍വ്വം തന്നെ അവരെ തേടിയെത്തി. ബ്രിട്ടീഷുകാരുടെ പോലീസും സ്വതന്ത്ര ഇന്ത്യുടെ പോലീസും ഇക്കാര്യത്തില്‍ മത്സരിച്ചിട്ടേയുള്ളൂ. ഈ രണ്ടുകൂട്ടരോടും പൊരുതി മുന്നേറിയ ചരിത്രമാണ് ഗൗരിയമ്മക്കുള്ളത്. അങ്ങിനെയാണ് ഗൗരിയമ്മ കേരളത്തിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ ഇടം നേടിയത്.

ഗൗരിയമ്മയെ ഇന്ന് ഒരു വെളിപാട് പോലെ പാര്‍ട്ടി തിരിച്ച് വിളിക്കുമ്പോള്‍ ഒരു കാര്യം പാര്‍ട്ടി വ്യക്തമാക്കേണ്ടതുണ്ട്. എന്തിനായിരുന്നു അവരെ പുറത്താക്കിയത്?. അഴിമതി എന്താണെന്ന് അറിയാത്ത, സ്വകാര്യ താല്‍പര്യം എന്താണെന്നറിയാത്ത നേതാവാണ് ഗൗരിയമ്മ. സ്വന്തം ജീവിതത്തെ മുന്‍നിരയില്‍ വെച്ച് രാഷ്ട്രീയത്തെ പിന്നിലേക്ക് തള്ളിമാറ്റിയ ചരിത്രമല്ല ഗൗരിയമ്മക്കുള്ളത്. ഇങ്ങിനെയുള്ള ഒരു മഹതി എങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളപ്പെട്ടു?. അതിന് ഉത്തരം പറയാതെ തോമസ് ഐസക് ഈ പറയുന്ന വിടുവാക്കുകള്‍ വ്യഥാ വ്യായമമായി കേരളീയ സമൂഹം കണക്കാക്കും.

ഗൗരിയമ്മയെ പുറത്താക്കാനായി സി.പി.ഐ.എം ഉന്നയിച്ച ആരോപണം കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിയാണ്. അന്നുതന്നെ അത് പറഞ്ഞവര്‍ക്കും കേട്ടവര്‍ക്കും അറിയാമായിരുന്നു അത് ഒരു കാരണം മാത്രമായിരുന്നുവെന്ന്. കാര്യമല്ല, കാരണം മാത്രം. പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന് രസിക്കാത്ത കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചതിനാണ് ഇങ്ങിനെയൊരു കെട്ടുകഥയുണ്ടാക്കി ഗൗരിയമ്മയെ പുറത്താക്കിയത്. ഇന്ന് തോമസ് ഐസക്കിനെപ്പോലുള്ളവര്‍ ഇത് പറയുമ്പോള്‍ വല്ലാത്തൊരു കൗതുകവും വൈപരീത്യവുമാണ് അതിലുള്ളത്. ഐസക് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം റിച്ചാര്‍ഡ് ഫ്രാങ്കിയുടെ ഒരു നിഴലാണ് എന്ന് കേരളീയ സമൂഹത്തിന് അറിയാം. അങ്ങിനെ വിദേശ ഫണ്ടിങ് ഏജന്‍സിയുടെ നിഴലായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഐസക്കാണ് അഴിമതിയുടെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ഗൗരിയമ്മയെ തിരിച്ചുകൊണ്ട് വരാനായി ചര്‍ച്ചക്ക് ഇടനിലക്കാരനാവുന്നത്. ഈ ഒരു കൗതുകം കേരളീയ സമൂഹം വല്ലാത്തൊരു തമാശയായി മാത്രമേ കണക്കാക്കൂ.

ഇപ്പോഴെന്ത്‌കൊണ്ടാണ് ഗൗരിയമ്മയെ സി.പി.ഐ.എമ്മിലേക്ക് ക്ഷണിക്കാനുണ്ടായ കാരണമെന്തെന്ന് വ്യക്തമാണ്. ഒരു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൊണ്ട് മാത്രമാണ് ഈയൊരു തിരിച്ചുവിളിയുണ്ടായത്. ഈ തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടാമെന്ന ആകുലത സി.പി.ഐ.എം ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്ക് വെക്കുന്നുണ്ട്.

യു.ഡി.എഫിനകത്ത് ഗൗരിയമ്മ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവരുടെ പ്രശ്‌നം. ഗൗരിയമ്മക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഈ പരാതിയുണ്ട്. യു.ഡി.എഫ് നേതൃത്വവുമായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി അവര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഈ ഇടച്ചിലിന് മുന്നോട്ട് വെക്കപ്പെട്ട പ്രശ്‌നം ശരിയോ തെറ്റോ എന്നുള്ളത് മറ്റൊരു വിഷയമാണ്. ഇടഞ്ഞ് നില്‍പ്പിന്റെ ഈ രാഷ്ട്രീയത്തെ എങ്ങിനെ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്നാണ് സി.പി.ഐ.എം ആലോചിക്കുന്നത്. അല്ലാതെ ഈയൊരു തിരിച്ചുവിളിക്കലില്‍ ഒരു ആത്മാര്‍ഥതയും സത്യസന്ധതയും ഉണ്ടെന്ന് കേരളത്തിലെ കൊച്ചുകുട്ടി പോലും വിശ്വസിക്കില്ല.

സി.പി.ഐ.എമ്മിന്റെ സംഘടനാ രീതിയും അവര്‍ ഇപ്പോള്‍ എത്തിപ്പെട്ടിട്ടുള്ള അവസ്ഥയും അറിയുന്ന ആര്‍ക്കും ഇക്കാര്യം മനസ്സിലാകും. അവസാനനാളില്‍ ചെമ്പട്ട് പുതക്കാനുള്ള കൊതിയോ ആശയോ ഗൗരിയമ്മക്കുണ്ടെന്ന് അറിയില്ല. അങ്ങിനെ കെ.പി.ആര്‍ ഗോപാലന്‍ പോയത് പോലെ എന്‍.സി ശേഖറിനെ സി.പി.ഐ.എം അവസാന നാളില്‍ ദത്തെടുത്തത് പോലെ ഗൗരിയമ്മയെയും അവസാന നിമിഷം ദത്തെടുക്കാന്‍ തയ്യാറായേക്കാം. എന്നാല്‍ അത് കുടുസ്സായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പേരിലാവുന്നുവെന്നുള്ളതാണ് സങ്കടം.

ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപന്‍ ചക്രവര്‍ത്തിയും ഗൗരിയമ്മയും തമ്മില്‍ എന്ത് സാദൃശ്യമുണ്ടെന്നാണ് ഐസക് പറയുന്നത്?. ഒരു സാമ്യവുമില്ല. നൃപന്‍ ചക്രവര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളപ്പെട്ട് ആസ്ഥാനമൊന്നുമില്ലാതെ ലോകജനതക്ക് മുമ്പില്‍ നിരാലംബനായി കഴിയേണ്ടി വന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ത്യയിലെയും ലോകത്തിലെയും മാധ്യമങ്ങള്‍ അത് തുറന്ന് കാണിച്ചപ്പോള്‍ അതിന്റെ അപമാനത്തില്‍ നിന്ന് മോചനം നേടാന്‍ വേണ്ടി മാത്രമാണ് നൃപന്‍ ചക്രവര്‍ത്തിയെ തിരിച്ചെടുക്കാന്‍ അവസാനം സി.പി.ഐ.എം തയ്യാറായത്. നൃപന്‍ ചക്രവര്‍ത്തിയെ പുറന്തള്ളിയ ശേഷം സി.പി.ഐ.എം ആരോപിക്കുന്നത് പോലുള്ള തെറ്റുതിരുത്തലിന് ശേഷമല്ല അദ്ദേഹം തിരിച്ചുവന്നത്. മറിച്ച് പാര്‍ട്ടി ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒന്നും നേടിയിട്ടില്ലായിരുന്നു അദ്ദേഹം. ഇന്നക്കെ കമ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വിരുദ്ധമായി അദ്ദേഹത്തിന്റെ ഈ ജീവിതം ലോകമറിഞ്ഞത് പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളപ്പെട്ട ശേഷമാണ്. തെരുവോരത്ത് കഴിയേണ്ട നിസ്സഹായവസ്ഥയായിരുന്നു അദ്ദേഹത്തിന്റെത്. അത് പുറം ലോകമറിഞ്ഞപ്പോള്‍ അതില്‍ മനംനൊന്തല്ല, മാനം കെട്ടിട്ടാണ് സി.പി.ഐ.എം അദ്ദേഹത്തെ തിരിച്ചെടുത്തത്.

അത്തരമൊരു നിരാലംബത്വം കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഗൗരിയമ്മക്കില്ല. ഗൗരിയമ്മക്ക് ഇന്നൊരു പാര്‍ട്ടിയുണ്ട്. ആ പാര്‍ട്ടി ഉള്‍പ്പെടുന്ന യു.ഡി.എഫുമായുള്ള അസ്വാരസ്യത്തെ രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമമാണ് ഈ “അനുകമ്പയെ” തിരിച്ചറിയാനാവൂ. ഇത് കേരള രാഷ്ട്രീയം, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. അതുണ്ടായിരുന്നുവെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ആ ചിട്ടവട്ടം അച്ചടക്കത്തിന്റെയും വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയുമായിരുന്നു. വിമര്‍ശനങ്ങള്‍ക്കും സ്വയം വിമര്‍ശനങ്ങള്‍ക്കും പകരം ചില താല്‍പര്യങ്ങള്‍ ഇപ്പോള്‍ പകരം വെക്കപ്പെട്ടിരിക്കുന്നത്. എല്ലാ സംഘടനാ കീഴ് വഴക്കങ്ങളും കാറ്റില്‍പ്പറത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ഇപ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുണ്ട് എന്ന ഘട്ടം വന്നപ്പോള്‍ പറഞ്ഞ തെറ്റുകള്‍ തിരുത്തിപ്പറയാതെ തന്നെ അവരെ തങ്ങളുടെ കേവല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കരുവാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് കേരളത്തിന്റെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏത് രീതിയിലുള്ള പ്രതികരണമാണ് ഉളവാക്കുകയെന്ന് കണ്ടറിയേണ്ടതുണ്ട്.

ഗൗരിയമ്മ സി.പി.ഐ.എമ്മിലേക്ക് തിരിച്ചുപോവുന്നത് പ്രത്യയശാസ്ത്ര നിലപാടുകളുടെ മേലായിരിക്കുമെന്ന് കരുതാന്‍ വയ്യ. ഗൗരിയമ്മയോടുള്ള മതിപ്പില്ലായ്മകൊണ്ട് പറയുന്നതല്ല ഇത്. യു.ഡി.എഫില്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കുന്നില്ലെന്നതിന്റെ പേരില്‍ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രമായിരിക്കും അവര്‍ എല്‍.ഡി.എഫില്‍, സി.പി.ഐ.എമ്മില്‍ ചേക്കേറുന്നത്. സി.പി.ഐ.എം ഗൗരിയമ്മയെ താലോലിക്കാന്‍ സന്നദ്ധമാകുന്നത് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് പിണറായി നയിക്കട്ടെ വി.എസ് വീട്ടിലിരിക്കട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത് കൊണ്ട് കൂടിയാണ്. സി.പി.ഐ.എമ്മില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന് തീരുമാനിക്കുന്നത് മേല്‍കമ്മിറ്റിയാണ്. കമ്മ്യൂണിസ്റ്റ് സംഘടനാ തത്വമനുസരിച്ച് തീരുമാനങ്ങള്‍ മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്നതാണ്. കീഴെ നിന്ന് അഭിപ്രായങ്ങള്‍ പറയുകയും അത് ക്രോഡീകരിച്ച് മുകളില്‍ നിന്ന് തീരുമാനമുണ്ടാവുകയും ചെയ്യുകയെന്നതാണ് അതിന്റെ രീതി. ബുദ്ധദേവ് ബംഗാളില്‍ മത്സരിക്കട്ടെയെന്ന് പാര്‍ട്ടി പി.ബി തീരുമാനിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം സംസ്ഥാന സമിതിക്ക് വിടകയും ചെയ്തത് സി.പി.ഐ.എമ്മിന്റെ സംഘടനാ കെട്ടുറപ്പില്ലായ്മയെയാണ് കാണിക്കുന്നത്. പി.ബി. തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടുകയും കേന്ദ്രകമ്മിറ്റി സംസ്ഥാന സമിതിക്ക് വിടുകയും സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിക്ക് വിടുകയും ചെയ്യുന്ന ഒരു അവസ്ഥ സി.പി.ഐ.എമ്മിന്റെ സംഘടനാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇനി ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റികള്‍ക്കും ഏരിയ കമ്മിറ്റി ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്കും വിട്ടേക്കാം.

വി.എസ് വീണ്ടും താരമായിക്കൊണ്ടിരിക്കുകയാണ്. വി.എസ് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കേരള ഘടകം മുന്നോട്ട് വെക്കുന്ന പ്രധാന ആക്ഷേപം. എന്നാല്‍ വി.എസ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഈ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണോയെന്നതാണ് പ്രശ്‌നം. പൊതുസ്വത്ത് കയ്യേറിയവരില്‍ നിന്ന് അത് തിരിച്ചുപിടിക്കുകയെന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാകുന്നതെങ്ങിനെ?. അങ്ങിനെയൊരു നടപടിയായിരുന്നു മൂന്നാറില്‍ കണ്ടത്.

പാര്‍ട്ടി നിലപാടുകളില്‍ ഉറച്ച് നിന്ന് നടപടിയെടുക്കുമ്പോള്‍ പുത്തന്‍കൂറ്റ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നവലിബറല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റുകളെന്ന ഷാഡോ കമ്മ്യൂണിസ്റ്റുകള്‍ക്ക് അതുപാര്‍ട്ടി വിരുദ്ധവും സംഘടനാ വിരുദ്ധവുമൊക്കെയാവുന്നുവെന്നതാണ് കേരളത്തിന്റെ കഴിഞ്ഞ കാലങ്ങള്‍ കാണിച്ചു തരുന്നത്. വി.എസില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തകര്‍ന്നടിയാന്‍ പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ആ തകര്‍ച്ചയെ മുന്‍കൂട്ടിക്കാണുകയും അതില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ശ്രമം നടത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. വി.എസില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുകയും വി.എസുണ്ടാക്കിയ ഇമേജിനെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നുമാണ് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനെ മറികടക്കാന്‍ വേണ്ടിയാണ് വി.എസ് എന്ന പഴയകാല കമ്മ്യൂണിസ്റ്റിന് പകരമായി ഗൗരിയമ്മയെന്ന പഴയകാല കമ്മ്യൂണിസ്റ്റിനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ ഇതൊരു വെച്ചുമാറല്‍ കച്ചവടമാണ്.