എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പൂര്‍ ദുരന്തം; യോഗി ആദിത്യനാഥ് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
എഡിറ്റര്‍
Monday 14th August 2017 5:15pm

 

ലക്നൗ: ഗോരഖ്പൂരില്‍ 60ലേറെ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഓം മാഥൂര്‍ വഴിയാണ്മൗര്യ ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്

ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ എഴുപതില്‍ അധികം പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്നതിനിടയിലാണ് സംസ്ഥാന ബി.ജെ.പിയിലെ വിള്ളല്‍.

സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റുന്നതായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കുന്നുമുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം നടപടികളില്‍നിന്ന് പിന്നോട്ടുപോകണമെന്നും മൗര്യ ആവശ്യപ്പെടുന്നു.


Also read ഗാന്ധിയുടെ പേരില്‍ വ്യാജപ്രസ്താവനയുമായി ബി.ജെ.പി സര്‍ക്കാരിന്റെ ഫുള്‍പേജ് പരസ്യം; ലക്ഷ്യം ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷ പ്രചരണം


അതേ സമയം വര്‍ഷങ്ങളോളം ഗോരഖ്പുര്‍ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കായില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സര്‍ക്കാര്‍ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.

Advertisement