എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പൂര്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു; കുട്ടികളുടെ മരണകാരണം മസ്തിഷ്‌കവീക്കമല്ല; ആശുപത്രി രേഖകള്‍ പുറത്ത്
എഡിറ്റര്‍
Wednesday 16th August 2017 10:00am

ന്യൂദല്‍ഹി: ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 ഓളം കുട്ടികളുടെ മരണത്തിന് കാരണമായത് ഓക്‌സിജന്‍ നിലച്ചതുകൊണ്ടല്ലെന്നും മറ്റ് അസുഖങ്ങള്‍ കാരണമാണെന്നുമുള്ള സര്‍ക്കാര്‍ വാദം പൊളിയുന്നു.

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 70 കുട്ടികളുടെ മരണപ്പെട്ടത് മസ്തിഷ്‌കവീക്കം കൊണ്ടല്ലെന്ന് ആശുപത്രി രേഖ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മസ്തിഷ്‌കവീക്കം മൂലം നിരവധി കുട്ടികള്‍ ഇവിടെ മരണപ്പെടാറുണ്ടെന്നും അത്തരമൊരു ദുരന്തം തന്നെയാണ് ഇവിടേയും സംഭവിച്ചതെന്നുമുള്ള നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ആശുപത്രി രേഖകള്‍.


Dont Miss ‘യോഗി ആദിത്യനാഥെന്ന മുഖ്യമന്ത്രിയെ വേട്ടയാടി യോഗി ആദിത്യനാഥെന്ന എം.പിയുടെ ചോദ്യങ്ങള്‍’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ യോഗി മറുപടി പറയേണ്ടത് സ്വന്തം ചോദ്യങ്ങളോടു തന്നെ


ദുരന്ത കാരണം ഓക്‌സിജന്‍ വിതരണത്തിലെ അപകതയല്ലെന്നു ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തെവല ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കുഞ്ഞുങ്ങളെ പാര്‍പ്പിച്ച വാര്‍ഡില്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിട്ടുണ്ട് എന്നാല്‍ ദുരന്ത കാരണം ഇതല്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ആഗസ്റ്റ് 10 നും 11 നും ഇടയില്‍ 30 കുട്ടികളാണ് മരണപ്പെട്ടത്. ഇതില്‍ എ.ഇ.എസ് മൂലവും എന്‍സെഫലിറ്റിസ് മൂലവും മരണപ്പെട്ടത് അഞ്ചു കുട്ടികളാണ്. കരള്‍വീക്കം കാരണം ഒരു കുട്ടിയും മരണപ്പെട്ടു.

ബാക്കി മരണപ്പെട്ടതില്‍ അധികവും നവജാത ശിശുക്കളാണ്. ന്യൂമോണിയ, സെപ്‌സിസ്, പന്നിപ്പനി തുടങ്ങിയ അസുഖങ്ങള്‍ക്കായി ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ്. വളരെ ഗുരുതരാവസ്ഥയില്‍ ഓക്‌സിജന്റെ കൂടി സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തിയിരുന്ന കുട്ടികളാണ് മരപ്പെട്ടതില്‍ അധികവും.

കഴിഞ്ഞ ദിവസം മൂന്ന് കുട്ടികള്‍ കൂടി മരണപ്പെട്ടതോടെ ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. കുട്ടികള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ മനുഷ്യാവകാശ ക്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ദുരന്തം യു.പിയെ ബി.ജെ.പി പാര്‍ട്ടിക്കുള്ളിലും വിള്ളലുണ്ടാക്കി. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന ആവശ്യം ഉപമുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യ കേന്ദ്രനേതൃത്ത്വത്തിനു മുന്നില്‍വെച്ചിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളൊന്നും ഗോരക്പുരിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ പിടിച്ചുനിര്‍ത്താനാകുന്നില്ല. രോഗം മൂര്‍ച്ഛിച്ച് മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെ മരണസഖ്യ 74 കടന്നു. കുട്ടികളുടെ മരണത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയമനുഷ്യാവകാശ കമ്മിഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുപ്പത്തില്‍ അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ക്രമസമാധാനപലനം കുടി കണക്കിലെടുത്തു ആഭ്യന്തരം ഒഴിയണമെന്നാണ് ബി.ജെ.പിയുടെ ഉള്ളില്‍ തന്നെയുള്ള ആവശ്യം.

Advertisement