'സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസിക പ്രവര്‍ത്തകനായിരുന്നുവെന്ന ജയരാജന്റെ പരാമര്‍ശം തെറ്റ്; പ്രസ്താവന ഖേദകരം'
Kerala News
'സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസിക പ്രവര്‍ത്തകനായിരുന്നുവെന്ന ജയരാജന്റെ പരാമര്‍ശം തെറ്റ്; പ്രസ്താവന ഖേദകരം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 1:17 pm

തിരുവനന്തപുരം: സംഘപരിവാര്‍ സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികപ്രവര്‍ത്തകനായിരുന്നുവെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ പി.എന്‍. ഗോപീകൃഷ്ണന്‍. ഇ.പി. ജയരാജന്റേത് നൂറു ശതമാനവും തെറ്റായ പ്രസ്താവനയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സവര്‍ക്കര്‍ ജയിലിലാകുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ നിലവില്‍ വന്നിട്ടില്ലെന്നും റഷ്യന്‍ വിപ്ലവം പോലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദാസീന പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ നിന്നും വരുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു.

‘വി.ഡി. സവര്‍ക്കര്‍ ഒരു കാലത്ത് തീവ്ര ഇടതുപക്ഷ സാഹസിക പ്രവര്‍ത്തകന്‍ ആയിരുന്നു എന്ന മട്ടില്‍ ഇ.പി. ജയരാജന്‍ പ്രസംഗിച്ചതായി ഇന്നത്തെ പത്രങ്ങളില്‍ വാര്‍ത്ത കണ്ടു. അങ്ങനെയുള്ള വിപ്ലവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് അദ്ദേഹം ജയിലില്‍ പോയതെന്നും. നൂറു ശതമാനവും തെറ്റായ പ്രസ്താവന ആണത്.

നാസിക് ജില്ലാ കളക്ടറായിരുന്ന ജി.എം.ടി. ജാക്‌സണ്‍ എന്ന ബ്രിട്ടീഷുകാരനെ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ വെടിവെച്ച് കൊന്ന കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് സവര്‍ക്കര്‍ ജയിലിലാകുന്നത്. സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തിയ തോക്കുകളില്‍ ഒന്ന് ഉപയോഗിച്ചാണ് കൊല നടത്തിയത്.

1909 ഡിസംബര്‍ 21 ന് നാസിക്കില്‍ വെച്ചാണ് കന്‍ഹാരേ, ജാക്‌സണെ കൊല്ലുന്നത്. തുടര്‍ന്ന് 1910 മാര്‍ച്ചില്‍ സവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1910 ഡിസംബര്‍ 23 ന് ജാക്‌സണ്‍ കേസിലെ വിധി വന്നു. സവര്‍ക്കര്‍ക്ക് ആന്‍ഡമാന്‍ ജയിലില്‍ ജീവപര്യന്തം തടവാണ് ശിക്ഷയായി കിട്ടിയത്. ഒപ്പം രാജ്യദ്രോഹ കേസില്‍ മറ്റൊരു ജീവപര്യന്തവും. ഇരട്ട ജീവപര്യന്തത്തടവുകാരനായി 1911 ജൂണ്‍ 27 നാണ് സവര്‍ക്കര്‍ ആന്‍ഡമാനിലേയ്ക്ക് പോകുന്നത്.

ഇക്കാലത്തൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ നിലവില്‍ വന്നിട്ടില്ല. റഷ്യന്‍ വിപ്ലവം പോലും നടന്നിട്ടില്ല. ഹിറ്റ്‌ലര്‍ക്ക് നാസിസവും മുസ്സോളിനിക്ക് ഫാസിസവും എന്ന പോലെയാണ് മോദിക്ക് സവര്‍ക്കറിസം. അതുകൊണ്ട് ഇമ്മാതിരി ഉദാസീന പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ നിന്നും വരുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്,’ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരകാലത്ത് സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായാണ് അദ്ദേഹം ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞതെന്ന് ജയരാജന്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്.ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ജയരാജന്റെ പരാമര്‍ശം.

‘സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്ന് ചോദിച്ചാല്‍ സവര്‍ക്കറുടെ പേരായിരിക്കും അവര്‍ ചൂണ്ടികാട്ടുക. എന്നാല്‍ അക്കാലത്ത് സവര്‍ക്കര്‍ ഒപ്പമുണ്ടായിരുന്നില്ല. ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് വരാന്‍ സാധിക്കില്ലെന്ന് സവര്‍ക്കര്‍ക്ക് മനസ്സിലായി. ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാര്‍ സവര്‍ക്കറെ സമീപിക്കുന്നത്.

തുടര്‍ന്ന് മാപ്പ് എഴുതികൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ സവര്‍ക്കറോട് ആവശ്യപ്പെടുകയായിരുന്നു. ഇനി ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷ് സേവകനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സവര്‍ക്കര്‍ ദയാഹര്‍ജി കൊടുത്തതായും പിന്നീട് ഒരു വര്‍ഗീയ വാദിയായി പില്‍ക്കാലത്ത് ജീവിതം നയിക്കുകയായിരുന്നു,’ എന്നാണ് ജയരാജന്‍ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വി.ഡി. സവര്‍ക്കര്‍ ഒരു കാലത്ത് തീവ്ര ഇടതുപക്ഷ സാഹസിക പ്രവര്‍ത്തകന്‍ ആയിരുന്നു എന്ന മട്ടില്‍ ഇ.പി. ജയരാജന്‍ പ്രസംഗിച്ചതായി ഇന്നത്തെ പത്രങ്ങളില്‍ വാര്‍ത്ത കണ്ടു. അങ്ങനെയുള്ള വിപ്ലവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് അദ്ദേഹം ജയിലില്‍ പോയതെന്നും. നൂറു ശതമാനവും തെറ്റായ പ്രസ്താവന ആണത്.

നാസിക് ജില്ലാ കളക്ടറായിരുന്ന ജി.എം.ടി ജാക്‌സണ്‍ എന്ന ബ്രിട്ടീഷുകാരനെ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ വെടിവെച്ചു കൊന്ന കേസില്‍ ഗൂഢാലോചനാ കുറ്റത്തിനാണ് സവര്‍ക്കര്‍ ജയിലിലാകുന്നത്. സവര്‍ക്കര്‍ സ്ഥാപിച്ച അഭിനവ് ഭാരത് എന്ന തീവ്ര വലതുപക്ഷ ബ്രാഹ്‌മണിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു കന്‍ഹാരേ.

സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കടത്തിയ തോക്കുകളില്‍ ഒന്ന് ഉപയോഗിച്ചാണ് കൊല നടത്തിയത്. തന്റെ ജ്യേഷ്ഠനായ ഗണേഷ് ദാമോദര്‍ സവര്‍ക്കറെ തടവിലാക്കിയത് ജാക്‌സണ്‍ ആണ് എന്ന വിരോധം ആണ് ജാക്‌സണ്‍ വധത്തില്‍ കലാശിച്ചത്.

1909 ഡിസംബര്‍ 21 ന് നാസിക്കില്‍ വെച്ചാണ് കന്‍ഹാരേ , ജാക്‌സണെ കൊല്ലുന്നത്. തുടര്‍ന്ന് 1910 മാര്‍ച്ചില്‍ സവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1910 ഡിസംബര്‍ 23 ന് ജാക്‌സണ്‍ കേസിലെ വിധി വന്നു. സവര്‍ക്കര്‍ക്ക് ആന്‍ഡമാന്‍ ജയിലില്‍ ജീവപര്യന്തം തടവാണ് ശിക്ഷയായി കിട്ടിയത്. ഒപ്പം രാജ്യദ്രോഹ കേസില്‍ മറ്റൊരു ജീവപര്യന്തവും. ഇരട്ട ജീവപര്യന്തത്തടവുകാരനായി 1911 ജൂണ്‍ 27 നാണ് സവര്‍ക്കര്‍ ആന്‍ഡമാനിലേയ്ക്ക് പോകുന്നത്.

ഇക്കാലത്തൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ നിലവില്‍ വന്നിട്ടില്ല. റഷ്യന്‍ വിപ്ലവം പോലും നടന്നിട്ടില്ല. 1920 കളില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യരൂപങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഇടതു പക്ഷം, കമ്യൂണിസം തുടങ്ങിയ പരികല്പനകള്‍ പോലും സവര്‍ക്കര്‍ തടവിലാകുന്ന കാലത്ത് ഇന്ത്യയ്ക്ക് അപരിചിതമാണ് എന്നര്‍ത്ഥം.

ദാരേക്കര്‍ പോലുള്ള ചില അപവാദങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും അഭിനവ് ഭാരത് ഒരു ബ്രാഹ്‌മണ വലതുപക്ഷ തീവ്രവാദ പ്രസ്ഥാനമായിരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ തീവ്ര വലതുപക്ഷ ചിത്പാവന്‍ ബ്രാഹ്‌മണ പ്രസ്ഥാനം. ജാക്‌സണ്‍ വധക്കേസിലെ പ്രതിപ്പട്ടിക നോക്കിയാല്‍ അത് വ്യക്തമാകും. ഭൂരിഭാഗം പേരും ചിത്പാ വന്‍ ബ്രാഹ്‌മണര്‍.

ഹിറ്റ്‌ലര്‍ക്ക് നാസിസവും മുസ്സോളിനിക്ക് ഫാസിസവും എന്ന പോലെയാണ് മോഡിക്ക് സവര്‍ക്കറിസം. അക്കാലത്ത് ഇമ്മാതിരി ഉദാസീന പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ നിന്നും വരുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.

CONTENT HIGHLIGHTS: Gopykrishnan against E.P.Jayarajan’s statement about savarkar