1905ല്‍ റഷ്യന്‍ യുദ്ധക്കപ്പലായ പോടെംകിനിലെ നാവികര്‍ അവരുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ കലാപത്തിന്റെ ചിത്രീകരണമായിരുന്നു ചിത്രം. സിനിമ വിപ്ലവത്തിന് ആക്കം കൂട്ടിയപ്പോള്‍, സോവിയറ്റ് മൊണ്ടാഷ് ലോകമെങ്ങും വ്യാപിച്ചു | ഗോപകുമാര്‍ പൂക്കോട്ടൂര്‍ ഡൂള്‍ന്യൂസില്‍ എഴുതുന്നു
മൊണ്ടാഷ് എന്ന എഡിറ്റിങ് വിദ്യ കൊണ്ട് സിനിമയെന്ന ദൃശ്യകലയുടെ ദിശ തന്നെ തിരുത്തിക്കുറിച്ച ബാറ്റില്‍ഷിപ്പ് പോടെംകിന്‍ പുറത്തിറങ്ങിയിട്ട് ഇതാ 100 വര്‍ഷം പിന്നിടുന്നു. സെര്‍ജി ഐസന്‍സ്റ്റൈന്‍ സംവിധാനം ചെയ്ത് 1925 ഡിസംബര്‍ 21ന് മോസ്ഫിലിം പുറത്തിറക്കിയതാണ് ഈ നിശബ്ദ ഇതിഹാസ ചലചിത്രം.
സോവിയറ്റ് യൂണിയനില്‍ വിപ്ലവ പ്രചാരണത്തെ ലക്ഷ്യമാക്കിയുള്ള പ്രത്യേക സിനിമാഭാഷയും, എഡിറ്റിങ്ങില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് മൊണ്ടാഷ് സിദ്ധാന്തവും, ചരിത്രത്തിലെ ക്ലാസിക് ചലചിത്ര രംഗങ്ങളിലൊന്നായ ഒഡേസ സ്റ്റെപ്പ്‌സും ഏത് ലോക സിനിമാ പ്രേമിക്കാണ് മറക്കാന്‍ സാധിക്കുക.
1905ല്‍ റഷ്യന്‍ യുദ്ധക്കപ്പലായ പോടെംകിനിലെ നാവികര്‍ അവരുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ കലാപത്തിന്റെ ചിത്രീകരണമായിരുന്നു ചിത്രം. സിനിമ വിപ്ലവത്തിന് ആക്കം കൂട്ടിയപ്പോള്‍, സോവിയറ്റ് മൊണ്ടാഷ് ലോകമെങ്ങും വ്യാപിച്ചു.
കഥ പറയുന്നതിനുള്ള ഒരു ഉപാധിയായി മാത്രമല്ല, പ്രേക്ഷകരുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ശക്തമായ സിനിമാ ഭാഷയായി മൊണ്ടാഷിനെ സെര്‍ജി ഐസന്‍സ്റ്റൈനും കൂട്ടരും പുതുക്കിപ്പണിതു.
വിപ്ലവത്തിനു ശേഷം റെഡ് ആര്‍മിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് നാടകപ്രവര്‍ത്തകനും സഹസംവിധായകനുമായി. സോവിയറ്റ് മൊണ്ടാഷ് രൂപകല്‍പനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ ആദ്യ മുഴുനീള ചിത്രങ്ങളായ സ്‌ട്രൈക്ക് (1925), ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925), അലക്‌സാണ്ടര്‍ നെവ്‌സ്‌കി (1938), ഇവാന്‍ ദ ടെറിബിള്‍ (1944) എന്നിവ സംവിധാനം ചെയ്തു.
1905ലെ കലാപത്തെ ആസ്പദമാക്കിയ ബാറ്റില്‍ഷിപ്പ് പോടെംകിന്‍ മോണ്ടാഷിലൂടെ എഡിറ്റിങ്ങില്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ ചിത്രം ലോക ക്ലാസിക്കുകളിലൊന്നായി.
ഇവാന്‍ ദ ടെറിബിള്‍ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകളില്‍ ഏര്‍പ്പെട്ടിരിക്കെ ഹൃദയസംബന്ധമായ അസുഖം മൂലം അദ്ദേഹം കിടപ്പിലായി. അമ്പതാം പിറന്നാള്‍ കഴിഞ്ഞ് അധികം വൈകാതെ, 1948 ഫെബ്രുവരി 11ന് മോസ്‌കോയില്‍ വെച്ച് ഐസന്‍സ്‌റ്റൈന്‍ അന്തരിച്ചു.
ബാറ്റില്‍ഷിപ്പ് പോടെംകിന്‍
കരിങ്കടലിലെ റഷ്യന്‍ യുദ്ധക്കപ്പലായ പൊടെംക്കിനിലെ നാവികരുടെ അസംതൃപ്തി ക്രമേണ ഒരു രാഷ്ട്രീയ കലാപമായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബാറ്റില്‍ഷിപ്പ് പോടെംകിന്‍. POSTER
1905 ജൂണില്‍ കപ്പലിലെ ദയനീയമായ ജീവിതാവസ്ഥയും അഴുകിയ ഭക്ഷണവും കാരണം വാകുലിന്‍ചുക്കിന്റെ നേതൃത്വത്തില്‍ നാവികര്‍ കലാപം ആരംഭിക്കുകയും ഉദ്യോഗസ്ഥരെ കീഴടക്കി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പോരാട്ടത്തിനിടയില്‍ വാകുലിന്‍ചുക്ക് കൊല്ലപ്പെടുന്നു.
ഒഡേസ സ്റ്റെപ്പ്സ്
സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും സ്വാധീനമുള്ളതുമായ രംഗങ്ങളിലൊന്നാണ് ഒഡേസ തുറമുഖത്തെ ഒഡേസ സ്റ്റെപ്പ്സ് രംഗം.
വെളുത്ത യൂണിഫോം ധരിച്ച സാര്‍ സൈന്യം യന്ത്രസമാനമായ താളത്തില്‍ പടികള്‍ ഇറങ്ങി ജനക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുന്നു; താഴെ കുതിരസേനയുടെ ആക്രമണം. കുഞ്ഞുമായി വരുന്ന അമ്മയുടെ ബേബി കാരേജ് ഒഡേസാ പടികളിലൂടെ ഉരുണ്ടിറങ്ങുന്നു.
കാണികളുടെ ഹൃദയമിടിപ്പുകള്‍ വേഗത്തിലാകുന്നു. സാര്‍ അനുകൂല കപ്പലുകള്‍ പോടെംകിനെ വെടിവെക്കാന്‍ വിസമ്മതിച്ച് കലാപകാരികളോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു; ചുവന്ന പതാകയോടെ പോടെംകിന്‍ അവര്‍ക്കിടയിലൂടെ കടന്നുപോകുന്നു.
ഈ ദൃശ്യങ്ങളെല്ലാം സോവിയറ്റ് മൊണ്ടാഷ് സിദ്ധാന്തം സന്നിവേശിപ്പിച്ച് എഡിറ്റ് ചെയ്തതോടെ ഇത് ലോക പ്രശസ്തമായ രംഗമായി മാറി.
ചരിത്രപരമായി ഈ കൂട്ടക്കൊല കൃത്യമായി ആ വിധത്തില്‍ നടന്നിട്ടില്ലെങ്കിലും, ആ ദൃശ്യത്തിന്റെ ശക്തി റഷ്യന്‍ വിപ്ലവത്തിന്റെ കാലിഡോസ്‌കോപ്പായി. ആ രക്തചൊരിച്ചില്‍ ഒരു യഥാര്‍ത്ഥ സംഭവമായി പലരും ഓര്‍ത്തെടുക്കുന്നത് ഐസന്‍സ്റ്റൈന്റെ രംഗഭാഷയുടെ ശക്തി കൊണ്ടായിരുന്നു.
കലാപരവും രാഷട്രീയപരവുമായ ലക്ഷ്യങ്ങള്‍ മാത്രമല്ല, സാങ്കേതിക പരിമിതികളും കൂടിയായിരുന്നു സോവിയറ്റ് സൈദ്ധാന്തികരെ മോണ്ടാഷിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ, സോവിയറ്റ് മൊണ്ടാഷിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ഒഡെസ സ്റ്റെപ്സ് സീക്വന്‍സ്.
മൊണ്ടാഷ്
വിഷയപരമായി പരസ്പര ബന്ധമുള്ള വ്യത്യസ്ത ദൃശ്യഭാഗങ്ങള്‍ അഥവാ ഫിലിം ഷോട്ട്സ് ക്രമബദ്ധമായി മുറിച്ചുകൂട്ടി അര്‍ത്ഥവത്തായ ഒരു ദൃശ്യക്രമമായി രൂപപ്പെടുത്തുന്ന എഡിറ്റിങ് സാങ്കേതികതയാണ് മൊണ്ടാഷ്. മൊണ്ടാഷ് എന്ന വാക്ക് തന്നെ കൂട്ടിച്ചേര്‍ക്കല്‍ അല്ലെങ്കില്‍ എഡിറ്റിങ് എന്നതിന്റെ ഫ്രഞ്ച് പദമാണ്.
ഏതെങ്കിലും ഷോട്ടുകള്‍ വ്യക്തിഗതമായി നിര്‍മിക്കുന്നതിനേക്കാള്‍ വലിയ ആഖ്യാന പ്രസ്താവന നടത്തുന്നു എന്നതാണ് മൊണ്ടാഷിന്റെ പ്രത്യേകത.
ദൃശ്യങ്ങള്‍ക്കു മാത്രമല്ല, ശബ്ദങ്ങളുടെ സംയോജനത്തിനും ഫലപ്രദമായി മൊണ്ടാഷ് ഉപയോഗിക്കാം. സംഭാഷണം, സംഗീതം, ശബ്ദപ്രഭാവങ്ങള്‍ എന്നിവയെ സങ്കീര്‍ണവും അര്‍ത്ഥസമ്പന്നവുമായ മാതൃകകളില്‍ ചേര്‍ത്ത് കലാത്മകമായ അവതരിപ്പാക്കാന്‍ ഈ സാങ്കേതികത സഹായിക്കും.
സംവിധായകന്‍, ഫിലിം എഡിറ്റര്‍, ദൃശ്യശബ്ദ സാങ്കേതികജ്ഞര്‍ എന്നിവര്‍ തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.
സിനിമയുടെ ആദ്യ കാലത്തുതന്നെ അമേരിക്കന്‍ സംവിധായകരായ എഡ്വിന്‍ എസ്. പോര്‍ട്ടര്‍, ഡി.ഡബ്ല്യു. ഗ്രിഫിത്ത് എന്നിവരുടെ പ്രവര്‍ത്തനങ്ങളിലൂടെ മൊണ്ടാഷ് പ്രാഥമികരൂപത്തില്‍ വികസിച്ചെങ്കിലും, അതിനെ സിദ്ധാന്തപരമായും കലാത്മകമായും സമ്പുഷ്ടമാക്കിയത് സോവിയറ്റ് എഡിറ്റിങ് സാങ്കേതികവിദ്യകളിലൂടെയാണ്.
സോവിയറ്റ് മൊണ്ടാഷ് സിദ്ധാന്തം 1910കളില്‍ ആരംഭിച്ച് 1920കളിലൂടെയും 1930കളുടെ തുടക്കത്തോളവും സോവിയറ്റ് റഷ്യയില്‍ നിലനിന്നിരുന്ന ഒരു പ്രധാന ചലച്ചിത്ര പ്രസ്ഥാനമാണ്.
മോസ്‌കോ ഫിലിം സ്‌കൂളില്‍ അധ്യാപകനായിരുന്ന ലെവ് കുലെഷോവ് ആണ് ഈ സിദ്ധാന്തത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. ബാറ്റില്‍ഷിപ്പ് പോടെംകിന് മുന്നെ സെര്‍ജി ഐസന്‍സ്റ്റൈന്‍ സംവിധാനം ചെയ്ത സ്ട്രൈക്കും (1924) അബേല്‍ ഗാന്‍സിന്റെ നെപോളിയനും (1927) മോണ്ടാഷിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രങ്ങളാണ്.
സ്‌ട്രൈക്ക്. WIKIEPEDIA.OG.COM
ഒരു മൊണ്ടാഷ് അഞ്ചു വ്യത്യസ്ത രീതികളില്‍ നിര്‍മിക്കാമെന്ന് ഐസന്‍സ്‌റ്റൈന്‍ പറഞ്ഞുവെയ്ക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്, വ്യത്യസ്ത ഷോട്ടുകള്‍ ചേര്‍ത്ത് പുതിയ അര്‍ത്ഥം സൃഷ്ടിക്കുന്ന ബൗദ്ധിക രീതിയാണ്.
വിവിധ ദൃശ്യങ്ങളെ ഒരുമിച്ച് കൂട്ടിച്ചേര്‍ത്ത് ആഴത്തിലുള്ള ആശയങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുന്ന ശക്തമായ ദൃശ്യഭാഷയായാണ് ഐസന്‍സ്‌റ്റൈന്‍ ഈ രീതിയെ കണ്ടത്.
മെട്രിക് മൊണ്ടാഷ്: ഷോട്ടുകളുടെ ദൈര്‍ഘ്യം കൃത്യമായ അളവുകള്‍ അനുസരിച്ച് ക്രമീകരിക്കുന്നത്.
റിഥമിക് മൊണ്ടാഷ്: ദൃശ്യങ്ങളിലെ ചലനത്തിന്റെ താളം അടിസ്ഥാനമാക്കി ഷോട്ടുകള്‍ ചേര്‍ക്കുന്നത്.
ടോണല്‍ മൊണ്ടാഷ്: ദൃശ്യങ്ങളുടെ വികാരഭാവം മുന്‍നിര്‍ത്തി എഡിറ്റിംഗ് ചെയ്യുന്നത്.
ഓവര്‍ടോണല്‍ മൊണ്ടാഷ്: മെട്രിക്, റിഥമിക്, ടോണല്‍ ഘടകങ്ങള്‍ ചേര്‍ന്നുള്ള സംയോജിത രൂപം.
ഇന്റലക്ച്വല്‍ മൊണ്ടാഷ്: വ്യത്യസ്ത ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ആശയപരമായോ പ്രതീകാത്മകമായോ അര്‍ത്ഥം സൃഷ്ടിക്കുന്നത്.
ബാറ്റില്‍ഷിപ്പ് പോടെംകിന്‍ .poster
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഷോട്ടുകള്‍ സംയോജിപ്പിച്ച് പുതിയ അര്‍ത്ഥം സൃഷ്ടിക്കുന്ന ബൗദ്ധിക രീതിയാണ്. വിവിധ ചിത്രങ്ങളുടെ സംയോജനത്തിലൂടെ ആഴത്തിലുള്ള ആശയങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഒരു ദൃശ്യഭാഷയായിട്ടാണ് ഐസന്‍സ്റ്റൈന്‍ ബൗദ്ധിക രീതിയെ കണ്ടത്.
മൊണ്ടാഷ് എന്ന ദൃശ്യഭാഷക്ക് ആഗോള അംഗീകാരം നേടിക്കൊടുത്ത പ്രധാന ചിത്രങ്ങളിലൊന്നായ ബാറ്റില്‍ഷിപ്പ് പോടെംകിന്‍ എല്ലാകാലത്തെയും മഹത്തായ ക്ലാസിക് സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നു.
1958ലെ വേള്‍ഡ് എക്‌സ്‌പോയിലെ ബ്രസല്‍ 12 പട്ടികയിലും, 2022ലെ സൈറ്റ് ആന്റ് സൌണ്ട് ക്രിറ്റിക്കല്‍ പോളിലും ഈ ചിത്രം ഇടം നേടി. സിനിമാ എഡിറ്റിങ്ങിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ ഒരു ചരിത്രചിത്രം എന്ന നിലയില്‍ ഇതിന്റെ പ്രാധാന്യം ഇന്നും അതുല്യമാണ്
Content Highlight: Gopakumar Pookotttur writes about Battleship Potemkin on it’s 100th anniversary