കൊച്ചി: എറണാകുളത്ത് ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് ബോഗികള്‍ വേര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. എറണാകുളത്ത് നിന്നും പാലക്കാട് പോകുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം ആണ് സംഭവം. രാത്രി 8.30ഓടെയാണ് സംഭവം.
ട്രെയിനിന്റെ ലോക്ക് വേര്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ബോഗികള്‍ വേര്‍പ്പെടുകയായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുഡ്‌സ് ട്രെയിന്‍ ആയതിനാല്‍ ആളപായമില്ല.
ട്രെയിനും ബോഗികളും ഇടപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ട്രെയിനിന്റെ മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ ഇടപ്പള്ളി സ്റ്റേഷനില്‍ വെച്ച് പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് രാജധാനി എക്‌സ്പ്രസ് ആലുവയില്‍ പിടിച്ചിട്ടിരുന്നു. ബോഗികള്‍ നീക്കിയ ശേഷം ഗതാഗതം പുനസ്ഥാപിച്ച് രാജധാനി എക്‌സ്പ്രസിന് സിഗ്‌നല്‍ നല്‍കി.
എഞ്ചിന്‍ ഘടിപ്പിച്ച ഭാഗം മുന്നോട്ട് പോവുകയും വേര്‍പെട്ട ബോഗികള്‍ പാളത്തില്‍ കിടക്കുകയുമായിരുന്നു. ബോഗികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൂട്ടുകള്‍ പൊട്ടിയതാണ് കാരണം. സാങ്കേതിക പ്രശ്‌നം ഉടനെ കണ്ടെത്തിയതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാനായി.