'മമ്മൂട്ടിക്ക് ഈ വര്‍ഷം മെഗാ ഇയര്‍'; നന്‍പകല്‍ നേരത്ത് മയക്കത്തിന് ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രതികരണം
Entertainment news
'മമ്മൂട്ടിക്ക് ഈ വര്‍ഷം മെഗാ ഇയര്‍'; നന്‍പകല്‍ നേരത്ത് മയക്കത്തിന് ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th December 2022, 9:10 pm

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രതികരണം. ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കാണാനായി പ്രേക്ഷകത്തിരക്കായിരുന്നു.

ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് തന്നെയായിരിക്കും നന്‍പകല്‍ നേരത്തെ മയക്കം എന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

തമിഴ്‌നാടിന്റെ ഉള്‍നാടിലെ മനോഹാരിതയിലേക്കാണ് കാണുന്നവരെ ലിജോ എത്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ മികച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്തെ മയക്കമെന്നും സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എന്ത് കൊണ്ടും ഈ വര്‍ഷം മെഗാ ഇയര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐ.എഫ്.എഫ്.കെയില്‍ നിന്നും ചിത്രത്തെക്കുറിച്ചുള്ള പ്രതികരണങ്ങളും അവലോകനങ്ങളും ശരിക്കും തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. പ്രേക്ഷകരോടുള്ള നന്ദിയും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം അറിയിച്ചു.

അതേസമയം, ചിത്രം ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ വലിയ സംഘര്‍ഷമായിരുന്നു തിയേറ്ററിന്റെ മുന്നിലുണ്ടായത്.
റിസര്‍വ് ചെയ്തവര്‍ക്ക് വരെ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്.

ഇന്ന് മൂന്നരക്കായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടക്കേണ്ടിയിരുന്നത്. ചിത്രത്തിന് വേണ്ടി ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിങ് പൂര്‍ത്തിയായിരുന്നു. ബുക്ക് ചെയ്ത മുഴുവന്‍ ആളുകളെയും തിയേറ്ററില്‍ സിനിമ കാണാന്‍ അനുവധിച്ചില്ലായിരുന്നു.

ഈ കാരണത്താലാണ് ഡേലിഗേറ്റുകള്‍ തിയേറ്ററിന് മുന്നില്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇവരെ പോലിസെത്തിയാണ് നീക്കം ചെയ്തത്. രാവിലെ മുതല്‍ ചിത്രം കാണാനായി ക്യൂ നിന്ന പലര്‍ക്കും ചിത്രം കാണാനാകാതെ മടങ്ങി പോവേണ്ടി വന്നു.

content highlight: Good response to IFFK for the movie Nanpakal Nerathu Mayakkam