കരിയറില്‍ എനിക്ക് നിരവധി റോള്‍ മോഡലുകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ അത് അദ്ദേഹമായിരിക്കും: ഗോണ്‍സാലോ ഗാര്‍സിയ
Sports News
കരിയറില്‍ എനിക്ക് നിരവധി റോള്‍ മോഡലുകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ അത് അദ്ദേഹമായിരിക്കും: ഗോണ്‍സാലോ ഗാര്‍സിയ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd July 2025, 1:49 pm

ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പില്‍ യുവന്റസിനെതിരെ തകര്‍പ്പന്‍ വിജയവുമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ വിജയക്കൊടി പാറിച്ചത്. മത്സരത്തിലെ രണ്ടാം പകുതിയിലെ 54ാം മിനിട്ടില്‍ ഗോണ്‍സാലോ ഗാര്‍സിയ നേടിയ കിടിലന്‍ ഗോളിലാണ് റയല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്.

അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ അസിസ്റ്റില്‍ സൂപ്പര്‍ ഹെഡ്ഡറിലൂടെയാണ് 21കാരനായ ഗോണ്‍സാലോ യുവന്റസിന്റെ വല കീറിയത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. മത്സര ശേഷം മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടത്തിയ റയലിന്റെ യുവ താരം മുന്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ചിരുന്നു.

ഫുട്‌ബോളില്‍ തന്റെ ആരാധനാപാത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് താരം പറഞ്ഞു. കരിയറില്‍ തനിക്ക് നിരവധി റോള്‍ മോഡലുകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ അത് റൊണാള്‍ഡോയെ ആയിരിക്കുമെന്നും യുവ താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെ ആരാധനാപാത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ഞാന്‍ എല്ലായിപ്പോഴും പറയാറുണ്ട്. എന്റെ കരിയറില്‍ എനിക്ക് നിരവധി റോള്‍ മോഡലുകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ എനിക്ക് ഒരാളെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ അത് ക്രിസ്റ്റ്യാനോയായിരിക്കും,’ ഗോണ്‍സാലോ ഗാര്‍സിയ പറഞ്ഞു.

അതേസമയം മത്സരത്തില്‍ യുവന്റസിന്റെ ബോക്സില്‍ ആക്രമണം അഴിച്ചുവിട്ടാണ് റയല്‍ ഓരോ നിമിഷവും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ബലമില്ലാത്ത യുവന്റസ് പ്രതിരോധ നിരയെ നിഷ്പ്രയാസം റയലിന് മറികടക്കാന്‍ സാധിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഗ്രെഗോറിയോയെ മറികടക്കാന്‍ റയലിന്റെ മുന്നേറ്റക്കാര്‍ നന്നായി പാടുപെട്ടു. ഒന്നിനുപുറകെ ഒന്നായി പവര്‍കിക്കുകള്‍ തടഞ്ഞു നിര്‍ത്തി യുവന്റസിന്റെ തോല്‍വിയുടെ ബാരം കുറയ്ക്കാന്‍ ഗ്രെഗോറിയോക്ക് സാധിച്ചു.

അതേസമയം 3-5-2 എന്ന മികച്ച ഫോര്‍മോഷനില്‍ നിരന്ന റയല്‍ മാഡ്രിഡിന്റെ പ്രതിരോധം തകര്‍ക്കാന്‍ യുവന്റസിന് സാധ്യമായിരുന്നില്ല. റയലിന് നേരെ വെറും ആറ് ഷൂട്ടുകള്‍ ഉന്നം വെക്കാനാണ് ഇറ്റാലിയന്‍ ക്ലബ്ബിന് സാധിച്ചത്. എന്നാല്‍ മറുഭാഗത്ത് 21 ഷൂട്ടുകളാണ് യുവന്റസിന്റെ വലയിലേക്ക് റയല്‍ ഉന്നം വെച്ചത്. അതില്‍ 11 എണ്ണവും യുവന്റസിന്റെ നെഞ്ചത്തേക്കാണ് ലോസ് ബ്ലാങ്കോസ് അടിച്ചിട്ടത്.

58 ശതമാനം ഗോള്‍ പൊസഷന്‍ ഉണ്ടായിരുന്നതും പന്ത് കൂടുതല്‍ നേരം കൈവശം വെച്ചിരുന്നതും റയലായിരുന്നു. അതേസമയം ഒരു ഓഫ് സൈഡ് പോലുമില്ലാതെയാണ് റയല്‍ എതിരാളിയുടെ പോസ്റ്റിലേക്ക് മുന്നേറ്റം നടത്തിയത്.

മറ്റെല്ലാ മേഖലയിലും യുവന്റസിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നാണ് റയല്‍ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ താണ്ഡവമാടിയത്. ജൂലൈ ആറിനാണ് റയലിന്റെ അടുത്ത മത്സരം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം ലക്ഷ്യം വെച്ചാണ് ടീം ഇറങ്ങുന്നത്. ബൊറൂസിയ ഡോട്മുണ്ടുമായിട്ടാണ് റയല്‍ ഏറ്റുമുട്ടുക.

Content Highlight: Gonzalo Garcia Talking About Cristiano Ronaldo