നേരം പോലെ ഒരു ഫണ്‍ ത്രില്ലറായിരിക്കും ഗോള്‍ഡും; അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്
Entertainment news
നേരം പോലെ ഒരു ഫണ്‍ ത്രില്ലറായിരിക്കും ഗോള്‍ഡും; അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th October 2021, 4:37 pm

കൊച്ചി: സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങള്‍ തുറന്നുപറയുകയാണ് പൃഥ്വിരാജ്. അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ ചിത്രമായ നേരം പേലെ ഒരു ഫണ്‍ ത്രില്ലറായിരിക്കും ഗോള്‍ഡ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്.

ഞാന്‍ കൂടി സഹനിര്‍മ്മാതാവായുള്ള ചിത്രമാണ് ഗോള്‍ഡ്. ഒരു നടനെന്ന നിലയില്‍ എനിക്ക് ഈ ചിത്രം രസകരമായ ഒന്നാണ്. ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ഒരു നടനെന്ന തരത്തില്‍ ആഗ്രഹമുണ്ട്. പക്ഷേ പലപ്പോഴും അതിനുള്ള അവസരം ലഭിക്കുന്നില്ല. പൃഥ്വി പറയുന്നു.

താന്നെയും നയന്‍താരയും മാറ്റിനിര്‍ത്തിയാല്‍, പ്രോജക്റ്റില്‍ 50 ഓളം അഭിനേതാക്കള്‍ ചിത്രത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

”ഇത് അല്‍ഫോന്‍സ് പുത്രന്‍ ചിത്രമാണ്, ഗോള്‍ഡുമായി ബന്ധപ്പെട്ട് ഇതില്‍ കൂടുതല്‍ ഒന്നും പറയേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു. നയന്‍താരയില്‍ നിന്ന് തുടങ്ങുന്ന ഒരു വലിയ താരനിരയും സിനിമയില്‍ ഉണ്ട്. പ്രേമം എന്ന ചിത്രത്തിന് മുമ്പ് അല്‍ഫോണ്‍സ് ചെയ്ത നേരം പോലെ രസകരമായ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്,’ പൃഥ്വിരാജ് പറഞ്ഞു.

ഫഹദ് ഫാസില്‍ നായകനാവുന്ന ‘പാട്ട്’ ആണ് അല്‍ഫോന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യം ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Gold will be a fun thriller like Neram; Prithviraj talks about Alphonse Putran new movie Gold