ബെല്ലാരി: ശബരിമലയില്‍ നിന്നും സ്വര്‍ണം കടത്തിയ സംഭവത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തി. ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം ഉരുക്കി സ്വര്‍ണക്കട്ടികളായി സൂക്ഷിച്ചനിലയിലാണ് കണ്ടെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം തെളിവെടുപ്പിനായി കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണസംഘം ബെല്ലാരിയിലെത്തിയിരുന്നു. ശബരിമലയില്‍ നിന്നുള്ള സ്വര്‍ണം ഇവിടെയുള്ള ഗോവര്‍ദ്ധന്‍ എന്നയാള്‍ക്ക് വിറ്റുവെന്നായിരുന്നു പോറ്റിയുടെ മൊഴി.
തുടര്‍ന്ന് ബെംഗളൂരുവിലടക്കം തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം ബെല്ലാരിയിലേക്ക് തിരിക്കുകയായിരുന്നു. ഗോവര്‍ദ്ധന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കോടതിയില്‍ നിലനില്‍ക്കുന്നതിന് പ്രധാനപ്പെട്ട തെളിവ് ആവശ്യമായിരുന്നു.
തുടക്കം മുതല്‍ കേസില്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാത്തത് വലിയ തിരിച്ചടിയായിരുന്നു. ഈ പ്രശ്‌നത്തിനാണ് എസ്.ഐ.ടി പരിഹാരം കണ്ടിരിക്കുന്നത്. ശബരിമലയില്‍ നിന്നും തനിക്ക് ലഭിച്ചത് ചെമ്പ് പാളിയാണെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. ഇക്കാര്യം സ്ഥിരീകരിക്കുന്ന രേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ സഹായത്തോടെ വ്യാജമായി കെട്ടിച്ചമച്ച ഈ രേഖകളുടെ ആധികാരികത പൊളിക്കാനും അന്വേഷണ സംഘത്തിന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുക്കേണ്ടതുണ്ടായിരുന്നു. സ്വര്‍ണപാളി കടത്തിയെന്ന കേസ് കോടതിയില്‍ നിലനില്‍ക്കാന്‍ സ്വര്‍ണം കണ്ടെത്തിയ നടപടി നിര്‍ണായകമാവും.
30ാം തീയതി വരെ മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി. അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.