സ്വർണപാളി വിവാദം; ജയറാമുൾപ്പെടെ കബളിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ
Kerala
സ്വർണപാളി വിവാദം; ജയറാമുൾപ്പെടെ കബളിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd October 2025, 11:12 am

പത്തനംതിട്ട: ശബരിമല സ്വർണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പുകൾ പലവിധത്തിലെന്ന് റിപ്പോർട്ടുകൾ. ശബരിമല ശ്രീകോവിലിന്റെ മാതൃകയെന്ന് അവകാശപ്പെട്ട് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പൂജ ചടങ്ങിൽ നടൻ ജയറാം ഉൾപ്പെടെ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇതിനു പിന്നാലെ ജയറാമിനും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ വന്നിരുന്നു. തുടർന്ന് ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ജയറാം തന്നെ രംഗത്തെത്തി.

തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടുപരിചയം മാത്രമാണെന്നും വ്യക്തിപരമായ ബന്ധമില്ലെന്നും കവാടം നിർമിച്ച അമ്പത്തൂരിലെ ഫാക്ടറിയിൽ നിന്നാണ് പൂജ നടന്നതെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

5 വർഷത്തിന് ശേഷം ഇത് വിവാദമാകുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് ശബരിമലയിൽ മേളം നടത്താമോ എന്നും ചോദിച്ചിരുന്നെന്നും ജയറാം കൂട്ടിച്ചേർത്തു.

ഇതിനുപുറമെ നെയ്‌ത്തേങ്ങയുടെ പേരിലും ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയതായി റിപ്പോർട്ടുകളുണ്ട്. 10000 ത്തിലധികം നെയ്‌ത്തേങ്ങകൾ ട്രാക്ടറിൽ ശബരിമലയിലേക്ക് കൊണ്ടുവന്നെന്നും അതിനായി ഭക്തരിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം ദ്വാരപാലക ശില്പത്തിന്റെ തൂക്കം കുറഞ്ഞതിൽ വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻ അഭിഭാഷകൻ കെ.ബി പ്രദീപ് രംഗത്തുവന്നു. സ്വർണപാളിയിലെ അറ്റകുറ്റ പണികൾക്കായി ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളികളെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Gold scam controversy; Reports that Jayaram and others were cheated