100 കോടി ക്ലബ്ബില്‍ കയറുമെന്ന അവകാശവാദവുമായി വന്ന് ബ്രേക്ക് ഇവന്‍ പോലുമാകാതെ കളംവിട്ടിരിക്കുകയാണ് ദിലീപ് നായകനായ ഭ ഭ ബ. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം പരാജയത്തിലേക്ക് കുതിക്കുകയാണ്. സൂപ്പര്‍താരം മോഹന്‍ലാലിന്റെ അതിഥിവേഷം ട്രോള്‍ മെറ്റീരിയലായി മാറിയ ഭ ഭ ബയിലെ വീഡിയോ ഗാനം ഇന്നാണ് പുറത്തുവിട്ടത്.
ലിറിക്കല്‍ വീഡിയോ പുറത്തുവന്നപ്പോള്‍ തന്നെ പല തരത്തിലുള്ള ട്രോളുകള്‍ ഏറ്റുവാങ്ങിയ പാട്ടായിരുന്നു അഴിഞ്ഞാട്ടം. ഇലക്ഷന്‍ സമയത്ത് കേള്‍ക്കുന്ന പാരഡി ഗാനങ്ങളെപ്പോലെയുണ്ടെന്നായിരുന്നു പ്രധാന വിമര്‍ശനം. വീഡിയോ സോങ്ങിനും സമാനമായ ട്രോളുകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ ഗോകുലം ഗോപാലനും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗോകുലം ഗോപാലന്‍ Photo: Screen grab/ Sree Gokulam Movies
മോഹന്‍ലാല്‍ അവതരിപ്പിച്ച ഗില്ലി ബാല എന്ന കഥാപാത്രത്തിന്റെ ആശാനായാണ് ഗോകുലം ഗോപാലന്‍ വേഷമിടുന്നത്. റിലീസ് ദിവസം പുറത്തുവന്ന റിവ്യൂകളിലെല്ലാം ഗോകുലം ഗോപാലന്റെ സാന്നിധ്യത്തെ പലരും ട്രോളിയിരുന്നു. വീഡിയോ സോങ്ങില്‍ ഗോകുലം ഗോപാലന്റെ ഡാന്‍സിന് വന്‍ ട്രോളാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ ഡാന്‍സും ട്രോളിനിരയാകുന്നുണ്ട്.
പാട്ട് ഒരു വഴിക്കും ഡാന്‍സ് മറ്റൊരു വഴിക്കുമെന്നാണ് പ്രധാന ട്രോള്‍. ഗോകുലം ഗോപാലന്റെ വകയായുള്ള ടഫ് സ്റ്റെപ്പുകളും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. മാസ് ഗാനമായി ഉദ്ദേശിച്ച പാട്ട് കോമഡിയായെന്നും കമന്റുകളുണ്ട്. വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’യുടെ കൊറിയോഗ്രഫി സെറ്റിങ്ങും നൈസായി ചുരണ്ടി വെച്ചിട്ടുണ്ടെന്ന് ലിറിക് വീഡിയോ പുറത്തിറങ്ങിയ സമയത്ത് വിമര്‍ശനമുയര്‍ന്നിരുന്നു.
അഴിഞ്ഞാട്ടം Photo: Ajmal/ Facebook
62ാം വയസിലും ഫ്‌ളെക്‌സിബിളായി ചുവടുവെക്കുന്ന മോഹന്‍ലാലിന് മാത്രം ട്രോളുകള്‍ ലഭിക്കുന്നില്ല. ഈ എനര്‍ജിയും ഗ്രേസും വേറെ ഏതെങ്കിലും സിനിമയിലായിരുന്നെങ്കില്‍ ഗംഭീരമായേനെ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒന്നാമനിലെ ഹുക്ക് സ്‌റ്റെപ്പും ഈ ഗാനരംഗത്തില്‍ മോഹന്‍ലാല്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.
40 കോടിയിലേറെ ബജറ്റിലാണ് ഭ ഭ ബ അണിയിച്ചൊരുക്കിയത്. മോഹന്‍ലാലിന്റെ അതിഥിവേഷം എന്ന ഫാക്ടറിലൂടെ ആദ്യദിനം ഗംഭീര കളക്ഷന്‍ നേടിയ ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു. സ്പൂഫ് ഴോണറിലൊരുങ്ങിയ ചിത്രം ഒരുതരത്തിലും പ്രേക്ഷകരുമായി കണക്ടായിരുന്നില്ല. അഭിനേതാക്കളായ നൂറിന്‍ ഷെരീഫും ഫഹീം സഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
ലോജിക്കില്ല മാഡ്‌നെസ് മാത്രം എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ ശക്തമായ തിരക്കഥയുടെ അഭാവവും റഫറന്‍സുകളുടെ അതിപ്രസരവും തിരിച്ചടിയായി. ചിത്രത്തിലെ റേപ്പ് ജോക്ക് രംഗവും കീറിമുറിക്കപ്പെട്ടിരുന്നു. ദിലീപിന്റെ തിരിച്ചുവരവെന്ന് അവകാശപ്പെട്ട ഭ ഭ ബ മോളിവുഡിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
Content Highlight: Gokulam Gopalan’s dance in Bha Bha Ba movie getting trolls