അച്ഛന്‍ എനിക്ക് വേണ്ടി ഇടപെടലൊന്നും നടത്തിയിട്ടില്ല, അന്നാണ് സിനിമയെ കുറിച്ച് ആദ്യമായി എന്തെങ്കിലും സംസാരിക്കുന്നത് തന്നെ: ഗോകുല്‍ സുരേഷ്
Film News
അച്ഛന്‍ എനിക്ക് വേണ്ടി ഇടപെടലൊന്നും നടത്തിയിട്ടില്ല, അന്നാണ് സിനിമയെ കുറിച്ച് ആദ്യമായി എന്തെങ്കിലും സംസാരിക്കുന്നത് തന്നെ: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th August 2022, 9:08 am

സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ചിത്രമായിരുന്നു പാപ്പന്‍. ത്രില്ലര്‍ ജോണറിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു പാപ്പന്‍. ഇതിന് പുറമേ സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയും ക്യാമറയ്ക്ക് പിന്നില്‍ ഛായാഗ്രഹന്റെ റോളിലുണ്ടായിരുന്നു.

തങ്ങളുടെ സിനിമ പ്രവേശനത്തെ പറ്റി സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷും അഭിലാഷ് ജോഷിയും.

‘സിനിമ ഇഷ്ടമായിരുന്നെങ്കിലും അതിലേക്ക് എത്തുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നു. വീട്ടിലും പുറത്തും സിനിമയുമായി ബന്ധപ്പെട്ട സംസാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ അച്ഛന്‍ എനിക്ക് വേണ്ടി ഇടപെടലൊന്നും നടത്തിയിട്ടില്ല.

ആദ്യസിനിമയായ മുത്തുഗവുവിലേക്ക് എത്തുന്നത് വിജയ് ബാബു ചേട്ടന്‍ വഴിയാണ്. തിരക്കഥ അച്ഛനെ കാണിച്ച് എനിക്ക് താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അന്നാണ് സിനിമയെ കുറിച്ച് അച്ഛന്‍ എന്നോട് ആദ്യമായി എന്തെങ്കിലും സംസാരിക്കുന്നത് തന്നെ,’ ഗോകുല്‍ പറഞ്ഞു.

സിനിമ മോഹം അച്ഛനോട് താന്‍ വെളിപ്പെടുത്തിയിരുന്നു എന്ന് അഭിലാഷും പറയുന്നു. ‘എപ്പോഴെങ്കിലും സിനിമയിലേക്ക് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ പി.ജി. പൂര്‍ത്തിയാക്കിയിട്ട് മതി എന്ന് അച്ഛനായിരുന്നു നിര്‍ബന്ധം. അങ്ങനെ ലണ്ടനില്‍ നിന്ന് ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ചെയ്തു.

സിനിമയിലേക്ക് വരാനുള്ള ആഗ്രഹം അച്ഛനോട് പറഞ്ഞിരുന്നു. അഡ്വര്‍ടൈസ്‌മെന്റ് പഠിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു മറുപടി. വി.കെ. പ്രകാശ് സാറിനൊപ്പം പരസ്യമേഖലയില്‍ കുറച്ച് കാലം ജോലി ചെയ്തു. ഇതിനിടയില്‍ തമിഴിലും തെലുങ്കിലും അസിസ്റ്റന്റായി ചില പടങ്ങള്‍ ചെയ്തു. പിന്നീട് അച്ഛന്‍ സിനിമയുടെ സെറ്റില്‍ പോയി,’ അഭിലാഷ് പറഞ്ഞു.

Content Highlight: Gokul Suresh and Abhilash Joshi talk about their film entry