കിങ് ഓഫ് കൊത്തയിലെ തന്റെ കഥാപാത്രത്തെ പറ്റി സംസാരിക്കുയാണ് ഗോകുല്‍ സുരേഷ്. മലയാളം പ്രേക്ഷകര്‍ക്ക് മുന്നില്‍ പൊലീസ് യൂണിഫോം ഇടുമ്പോള്‍ അത് തനിക്ക് ബാധ്യത പോലെയാണെന്നും അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടേതായ ചേരുവകള്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഗോകുല്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ചിലത് വന്നുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ പറഞ്ഞു.
കിങ് ഓഫ് കൊത്തയില്‍ മാസ് ജൂനിയര്‍ സുരേഷ് ഗോപി വേര്‍ഷനാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ഗോകുലിന്റെ ഉത്തരം.
‘എനിക്ക് എന്റെതായ സ്‌പേസിങ്ങ് തന്നെയാണ് തന്നിരിക്കുന്നത്. മലയാളം പ്രേക്ഷകര്‍ക്ക് മുന്നില്‍ പൊലീസ് യൂണിഫോം ഇടുമ്പോള്‍ അത് ഒരു ബാധ്യത പോലെയാണ് എനിക്ക്. അതുകൊണ്ട് തന്നെ അച്ഛന്റേതായ ചേരുവകള്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ഇടക്ക് അച്ഛന്റെ ചേരുവകള്‍ കേറി വരുമ്പോള്‍ അത് അഭി ചേട്ടന്‍ പറഞ്ഞുമാറ്റിക്കുമായിരുന്നു. ഒന്നുരണ്ട് തവണ അങ്ങനെ വന്നു. ചിലത് ഇഷ്ടപ്പെട്ടു, ചിലത് വേണ്ട എന്നുള്ള രീതിയില്‍ പറഞ്ഞുതന്നിരുന്നു,’ ഗോകുല്‍ പറഞ്ഞു.
കിങ് ഓഫ് കൊത്തക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരുപാട് റിസ്‌കുകള്‍ എടുത്തിട്ടുണ്ടെന്നും ഗോകുല്‍ പറഞ്ഞു. ‘ദുല്‍ഖര്‍ ഒരുപാട് റിസ്‌ക് എടുത്ത സിനിമയാണ് കിങ് ഓഫ് കൊത്ത. ആ സിനിമക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ഫീലായി. അതിനനുസരിച്ച് ഞാന്‍ സഹകരിച്ച് നിന്നിട്ടുണ്ടായിരുന്നു.
എന്നോട് ആവശ്യപ്പെട്ടതിന്റെ ഇരട്ടി ദിവസങ്ങള്‍ ഷൂട്ടിന് എടുത്തിരുന്നു. അതിനിടയായല്ലോ എന്നൊരു തോന്നല്‍ എനിക്കും ഉണ്ടായിട്ടില്ല, അവരെ അങ്ങനെ തോന്നിപ്പിച്ചിട്ടുമില്ല,’ ഗോകുല്‍ പറഞ്ഞു.
അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രം ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ദുല്‍ഖര്‍ സല്‍മാനൊപ്പം ഐശ്വര്യ ലക്ഷ്മി, ഡാന്‍സിങ് റോസ് ഷബീര്‍, പ്രസന്ന, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
Content Highlight: Gokul Suresh about suresh gopi and king of kotha