Kerala
മാതൃഭൂമി പൂട്ടിക്കും, എസ്. ജയശങ്കറിനെ പുറത്താക്കും, ട്രംപിനെ ഇംപീച്ച് ചെയ്യും; വിചിത്രവാദങ്ങളുമായി പാസ്റ്റര്‍ കെ.എ പോള്‍
ന്യൂദല്‍ഹി: വിചിത്രവാദവുമായി നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാസ്റ്റര്‍. കെ.എ. പോള്‍. നിമിഷ പ്രിയയുടെ മോചനത്തിന് താന്‍ തടസം നില്‍ക്കുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം മാതൃഭൂമി വാര്‍ത്ത നല്‍കിയെന്നും 72 മണിക്കൂറിനുള്ളില്‍ ആ പത്രം താന്‍ പൂട്ടിക്കുമെന്നും കെ.എ പോള്‍ പറഞ്ഞു.
ട്രംപുള്‍പ്പെടെ ആരേയും തനിക്ക് ഭയമില്ലെന്നും ഒരു തവണ ട്രംപിനെ താന്‍ ഇംപീച്ച് ചെയ്തതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുമായിരുന്നു.
ഇറാനില്‍ ബോംബിട്ടതിന്റെ പേരില്‍ ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യുമെന്നും കെ.എ പോള്‍ പറഞ്ഞു.
പ്രധാനമന്ത്രി താനായിരുന്നെങ്കില്‍ ഹൂത്തി നേതാക്കള്‍ വഴി ഇറാനിയന്‍ പ്രസിഡന്റുമായി സംസാരിക്കുമായിരുന്നെന്നും ഈ പ്രശ്‌നം ഏറ്റവും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഡോ. കെ.എ പോളുമായി ഉടനടി ബന്ധപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
യെമനി നേതാക്കള്‍ക്കൊപ്പമുള്ള തന്റെ ചിത്രമെന്ന് പറഞ്ഞ് പത്രസമ്മേളനത്തില്‍ കെ.എ പോള്‍ കുറേ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
‘ മാതൃഭൂമി കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത നല്‍കി. യെമനിലെ ഒരാളും ഞാനും ചേര്‍ന്ന് നിമിഷയുടെ മോചനം തടയുന്നു എന്നായിരുന്നു വാര്‍ത്ത. 72 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ പത്രം ഞാന്‍ പൂട്ടിക്കും. മാതൃഭൂമിക്കെതിരെ കേസ് കൊടുക്കും.
ട്രംപിനെ ഞാന്‍ വിലമതിച്ചിട്ടില്ല. പിന്നെയാണോ, അയാളെ രണ്ട് തവണ ഞാന്‍ ഇംപീച്ച് ചെയ്തിട്ടുണ്ട്. ദൈവത്തെയല്ലാതെ വേറെ ആരേയും എനിക്ക് പേടില്ല. നിമിഷയുടെ ഭര്‍ത്താവും മകളും നൂറ് കണക്കിന് ആളുകളും നിമിഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിമിഷ ഇന്നും ജീവിച്ചിരിപ്പുണ്ട്.
ഞാനായിരുന്നു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നു. കേള്‍ക്കണോ. നിങ്ങളുടെ വിദേശകാര്യമന്ത്രി ജയശങ്കറിനെ ഞാന്‍ ഫയര്‍ ചെയ്‌തേനെ. 7 വര്‍ഷത്തെ പരാജയത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ രാജി വാങ്ങി, ഡിസ്മിസ് ചെയ്‌തേനെ. ക്യാബിനറ്റില്‍ നിന്ന് തന്നെ പുറത്താക്കിയേനെ.
ഞാനാണ് പ്രധാനമന്ത്രിയെങ്കില്‍, ഈ കേസ് അവസാനിപ്പിക്കാനായി എത്രയും പെട്ടെന്ന് കെ.എ പോളിനെ ബന്ധപ്പെട്ടേനെ.
ഹൂത്തി നേതാവ് വഴി ഇറാനിയന്‍ പ്രസിഡന്റുമായി രഹസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേനെ. അദ്ദേഹം ഞാനുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട്. അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞില്ല, ഇറാനിലെ ജനറല്‍മാരെ ബോംബ് വെച്ച് കൊന്നതില്‍ പശ്ചാത്തപിക്കാന്‍ തയ്യാറല്ലാത്ത ട്രംപിനെ ഞാന്‍ വീണ്ടും ഇംപീച്ച് ചെയ്‌തേനെ. ഇതൊക്കെ ഞാന്‍ ചെയ്‌തേനെ.
നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട 20 സത്യങ്ങള്‍ ഞാന്‍ ഇവിടെ പറഞ്ഞു. മോദി ജി ഞാന്‍ 21 ദിവസം യെമനില്‍ ഉണ്ടായിരുന്നു. എന്റെ സ്വന്തം ചിലവില്‍. നിമിഷയെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയായിരുന്നു ശ്രമിച്ചത്.
എന്നാല്‍ രണ്ട് ഗ്രൂപ്പുകള്‍ നിമിഷയുടെ മോചനം തടഞ്ഞു. കൃത്യമായ ലീഡര്‍ഷിപ്പ് ഇല്ലാത്തതിന്റെ പേരിലാണ് അത്. മോദി ജി നിങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ നിങ്ങളുമായി സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. അമിത് ഷായുമായും സംസാരിക്കാം.
നിമിഷയെ വിട്ടയച്ചാല്‍ യെമനി പ്രസിഡന്റിനേയും ഹൂത്തി നേതാവിനേയും സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും പങ്കെടുക്കുന്ന ആഗോള സമാധാന ഉച്ചകോടിയിലേക്ക് ഞാന്‍ ക്ഷണിക്കും.
മാപ്പ് നല്‍കുന്നതിനെ കുറിച്ച് ഖുര്‍ ആന്‍ പറയുന്നുണ്ട്. പലരും ഇവിടെ ദയാധനത്തെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ അവരുടെ കൂടുംബം പണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. ഇപ്പോഴും അവര്‍ ക്ഷമിക്കാന്‍ തയ്യാറാണ്.
ക്ഷമിക്കുന്നില്ലെങ്കില്‍ അവര്‍ ശപിക്കപ്പെട്ടവരായി മാറും. ഖുറാന്‍ പറയുന്നത് അങ്ങനെയാണ്. ഒരുപാട് പണം നിലവില്‍ തന്നെ ഇതിനായി ചിലവായിട്ടുണ്ട്. എത്രയാണെന്ന് പറയുന്നില്ല.
1979 ന് ശേഷം ഞാന്‍ ഒന്നിലും പരാജയപ്പെട്ടിട്ടില്ല. അഥവാ നിമിഷയെ കൊലപ്പെടുത്തിയാല്‍ ഞാന്‍ ഭ്രാന്തമായ അവസ്ഥയിലേക്ക് പോകും. എന്റെ ഹൃദയം തകരും. അതിന് ശേഷം ഞാന്‍ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല. അത് പറയാന്‍ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് മാധ്യമങ്ങള്‍ സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യുക. മാതൃഭൂമി മാപ്പ് പറഞ്ഞ് ആ വാര്‍ത്ത പിന്‍വലിക്കുക. നിമിഷപ്രിയ ആക്ഷന്‍ ഗ്രൂപ്പിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളാക്കെ പരാജയപ്പെട്ടു. നിമിഷ സഫര്‍ ചെയ്യുന്നു. അവരുടെ അമ്മ കഷ്ടപ്പെടുന്നു. 7 വര്‍ഷം വെറുതെ കളഞ്ഞു,’ കെ.എ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ മലയാള മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താ സോഴ്‌സ് കൂടിയാണ് കെ.എ. പോള്‍.
Content Highlight: going to sue mathrubhumi impeach trump and dismiss s jayashankar says KA Paul