ഇവന്മാരിത് കൊളമാക്കുമോ; ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഷൂട്ടിങ് സ്റ്റില്ലിനെ ട്രോളി സോഷ്യല്‍ മീഡിയ
Entertainment news
ഇവന്മാരിത് കൊളമാക്കുമോ; ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഷൂട്ടിങ് സ്റ്റില്ലിനെ ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th August 2022, 6:05 pm

2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്.

ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് നിലവില്‍ പുരോഗമിക്കുകയാണ്. ഗോഡ്ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച റോള്‍ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയാണ്.

സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഗോഡ്ഫാദറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

തോക്കും പിടിച്ച് നില്‍ക്കുന്ന സല്‍മാന്‍ ഖാനെയും ചിരഞ്ജീവിയെയുമാണ് ഫോട്ടോയില്‍ കാണാനാവുക. ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ട്രോളുകളും വരുന്നുണ്ട്.

പൊതുവെ തെലുങ്ക് സിനിമകള്‍ ‘കത്തി’യാണെന്ന അഭിപ്രായം സാധൂകരിക്കുന്ന ലൊക്കേഷന്‍ സ്റ്റില്ലാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇത് തന്നെയാണ് ട്രോള്‍ ചെയ്യപ്പെടാനുള്ള കാരണം. സച്ചിയുടെ സംവിധാനത്തില്‍ പുറത്തുവന്ന അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായ ഭീംല നായക്കിലെ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ഗോഡ്ഫാദര്‍ കൊണിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയാണ് ഗോഡ്ഫാദറില്‍ എത്തുന്നത്. എസ്. എസ്. തമന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സത്യദേവ് കാഞ്ചരണ, ഗംഗവ്വ, പൂരി ജഗനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ചിരഞ്ജീവിയും സംവിധായകന്‍ മോഹന്‍ രാജയും കൊറിയോഗ്രാഫര്‍ പ്രഭുദേവയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സംഗീത സംവിധായകന്‍ എസ്. എസ്. തമന്‍ ട്വീറ്റ് ചെയ്തിരുന്നു.

Content Highlight : Godfather movie location still getting trolls