അര്‍പോറ: വടക്കന്‍ ഗോവയിലെ ബിര്‍ച്ച് നെറ്റ്ക്ലബിലുണ്ടായ തീപിടുത്തത്തില്‍ ജീവനക്കാരും വിനോദസഞ്ചാരികളും ശ്വാസം കിട്ടാതെ പിടയുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങാതെ നാട് വിടാനാണ് ഉടമകള്‍ ശ്രമിച്ചതെന്ന് അന്വേഷണ സംഘം. ഡിസംബര്‍ ആറ് ശനിയാഴ്ച രാത്രി 11.45ഓടെയുണ്ടായ തീപിടുത്തത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്.
ഈ തീപിടുത്തം സംഭവിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ സ്വന്തം തടി രക്ഷിക്കാനായി ക്ലബിന്റെ നടത്തിപ്പുകാരായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്‌ലന്‍ഡിലേക്ക് വിമാന ടിക്കറ്റെടുത്തെന്ന് ഗോവ പോലീസ് അറിയിച്ചു.
പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും തീയണയ്ക്കാനും അകത്ത് കുടുങ്ങിയവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഉടമകള്‍ സ്ഥലം വിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.
ക്ലബില്‍ തീ പടര്‍ന്നതായി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ സമീപത്തെ മപുസ ഫയര്‍ കണ്‍ട്രോള്‍ റൂമിലെത്തിയത് രാത്രി 11.45നായിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറിനപ്പുറം പുലര്‍ച്ചെ 1.17ഓടെ ലൂത്ര സഹോദരന്മാര്‍ തായ്‌ലന്‍ഡിലേക്കുള്ള ടിക്കറ്റെടുത്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇരുവരും പുലര്‍ച്ചെ 5.30ന് വിമാനത്തില്‍ കയറുകയും ഫുക്കറ്റിലേക്ക് കടക്കുകയും ചെയ്തു. അതേസമയം, 4.45ഓടെയാണ് ക്ലബിലെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
ലൂത്ര സഹോദരന്മാര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ, മുന്‍കൂര്‍ ജാമ്യം തേടി രോഹിണിയിലെ കോടതിയെയും ഇവര്‍ സമീപിച്ചെങ്കിലും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു.
ക്ലബ് മാനേജ്‌മെന്റിന്റെ ഭാഗമായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലബ് സഹഉടമയായ അജയ് ഗുപ്തയെ ദല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
ലൂത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു നൈറ്റ് ക്ലബായ റോമിയോ ലെയ്‌നിന്റെ ഒരു ഭാഗം ടൂറിസം വകുപ്പ് പൊളിച്ചുമാറ്റിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു നടപടി.
ക്ലബിനകത്ത് നടത്തിയ ചെറു വൈദ്യുത വെടിക്കെട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ക്ലബിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അപകടകരമായ നിര്‍മാണ രീതിയുമാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
Content Highlight: Goa nightclub tragedy that killed 25 people happened at 11.45, owners booked tickets to Thailand at 1.17; report