പനാജി: ഗോവയിലെ അര്‍പോറയിലെ ബിര്‍ച്ച് നൈറ്റ് ക്ലബിലെ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ ക്ലബ് ഉടമകള്‍ തായ്‌ലന്‍ഡില്‍ പിടിയിലായി. പ്രതികളായ ഗൗരവ്, സൗരഭ് ലുത്ര സഹോദരന്മാരെ വൈകാതെ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടുത്തമുണ്ടായതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ തായ്‌ലന്‍ഡിലെ ഫുക്കറ്റിലേക്ക് കടന്നിരുന്നു. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി രോഹിണി കോടതി തള്ളിയിരുന്നു.
സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് നാല് ആഴ്ചത്തെ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യത്തിനാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ജാമ്യാപേക്ഷയില്‍ രാജ്യം വിടാനുണ്ടായ കാരണങ്ങള്‍ പ്രതികള്‍ വിശദീകരിച്ചിരുന്നു.
ഗോവയില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെടുമായിരുന്നു. രാജ്യത്തേക്ക് മടങ്ങാന്‍ ഭയമാണ്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റ് റെസ്‌റ്റോറന്റുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണെന്നും അന്വേഷണത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടും ഇതാണ് തങ്ങളുടെ അവസ്ഥയെന്നുമായിരുന്നു പ്രതികളുടെ വാദം.
എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായേനെയെന്ന വാദത്തെ രോഹിണി കോടതി ജഡ്ജ് വന്ദന തള്ളിക്കളഞ്ഞു. പ്രഥമദൃഷ്ട്യാകുറ്റകൃത്യത്തിന്റെ സ്വഭാവം അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30ഓടെയാണ് റോമിയോ ലെയ്‌നിലെ ബിര്‍ച്ച് നൈറ്റ് ക്ലബില്‍ തീപിടുത്തമുണ്ടായത്. റെസ്‌റ്റോറന്റിനുള്ളിലുണ്ടായ ചെറിയ ഇലക്ട്രിക് വെടിക്കെട്ടുകളാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇടുങ്ങിയ കെട്ടിട രൂപകല്‍പ്പനയും അഗ്നി രക്ഷയ്ക്കായുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കൊല്ലപ്പെട്ട 25 പേരില്‍ 20പേര്‍ റെസ്റ്റോറന്റ് ജീവനക്കാരാണെന്നാണ് വിവരം.