ഗോവ ദുരന്തം; ബാറുകള്‍ക്കും പബ്ബുകള്‍ക്കും കര്‍ശന നിര്‍ദേശവുമായി അഗ്നിശമന വകുപ്പ്
India
ഗോവ ദുരന്തം; ബാറുകള്‍ക്കും പബ്ബുകള്‍ക്കും കര്‍ശന നിര്‍ദേശവുമായി അഗ്നിശമന വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2025, 7:12 am

ന്യൂദല്‍ഹി: ഗോവയിലെ ബിര്‍ച്ച് നിശാക്ലബ്ബിലെ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (പി.എം.സി) അഗ്നിശമന വകുപ്പ് തിങ്കളാഴ്ച എല്ലാ ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സുരക്ഷാ മാര്‍ഗനിര്‍ദേശം നല്‍കും.

സീസണ്‍ അടുക്കുന്നതിനാല്‍ ഹോട്ടലുകളിലും നൈറ്റ് പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലും തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീപിടുത്ത സാധ്യത കുറയ്ക്കുന്നതിനാണ് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്. ഇത് പ്രകാരം എല്ലാ സ്ഥാപനങ്ങളും ഫയര്‍ എന്‍.ഒ.സി പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിപാടി നടക്കുന്ന ഇടങ്ങളില്‍ ആളുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും അലങ്കാരങ്ങള്‍, ലൈറ്റിങ്-ശബ്ദ ഉപകരണങ്ങള്‍, വയറിങ് എന്നിവയുള്‍പ്പെടെ എല്ലാ വൈദ്യുത സജീകരണങ്ങളും ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് മാത്രമേ നല്‍കാവൂ എന്നും അഗ്നിശമന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

താല്‍ക്കാലിക വയറിങ്, അമിതഭാരമുള്ള എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍, അയഞ്ഞ് തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ എന്നിവ ഉടനടി നീക്കം ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ജനറേറ്ററുകളില്‍ ശരിയായ എര്‍ത്തിങ്, ഇന്ധന ഉപയോഗ മുന്‍കരുതലുകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.

സ്ഥാപനങ്ങളിലെ അടുക്കളകള്‍, ബാര്‍ കൗണ്ടറുകള്‍, പുകവലി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ഓഡിറ്റുകള്‍ നിര്‍ബന്ധമാക്കണമെന്നും ഗ്യാസ് സിലിണ്ടറുകള്‍ പ്രധാന സ്ഥലങ്ങളില്‍ സൂക്ഷിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

‘ആഘോഷങ്ങളില്‍ സുരക്ഷ വിട്ടുവീഴ്ച ചെയ്യരുത്. മുന്‍കരുതലുകളിലെ ഒരു പിഴവ് നിരവധി ജീവന്‍ അപഹരിച്ചേക്കാം എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഗോവയിലെ ദുരന്തം. നഗരത്തിലുടനീളം സുരക്ഷിതമായ ആഘോഷങ്ങള്‍ ഉറപ്പാക്കാന്‍ പൂനെ അഗ്നിശമന സേന പ്രതിജ്ഞാബദ്ധമാണ്.

എല്ലാ ഹോട്ടലുകളും ക്ലബ്ബുകളും പരിപാടി നടക്കുന്ന സ്ഥലങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്,’ പി.എം.സി ചീഫ് ഫയര്‍ ഓഫീസര്‍ ദേവേന്ദ്ര പോട്ട്ഫോഡ് പറഞ്ഞു.

Content Highlight: Goa disaster; Fire department issues strict instructions to bars and pubs