ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടേത് തന്നെ: ഡോ. വി വേണുഗോപാല്‍
Pravasi
ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടേത് തന്നെ: ഡോ. വി വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2013, 6:13 pm

[]അബുദാബി: അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട “സബ് പ്രൈം” പ്രതിസന്ധിയും യൂറോപ്പില്‍ വീശിയടിച്ച “സോവറിന്‍ ടെബ്റ്റ്” പ്രതിസന്ധിയും ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണവുമെല്ലാം ലോക മുതലാളിത്ത ചങ്ങലയുടെ വിവിധ കണ്ണികളില്‍ പ്രത്യക്ഷപ്പെടുന്ന പ്രതിസന്ധികളാണെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി വേണുഗോപാല്‍ പറഞ്ഞു.

യു.എ.ഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനായായ “പ്രസക്തി” അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രതിസന്ധി: എന്ത്? എന്ത് കൊണ്ട്?  എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

ആഗോള സാമ്പത്തിക പ്രതിസന്ധി അടിസ്ഥാനപരമായി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധിയാണ്. ജനങ്ങള്‍ക്ക തൊഴിലും വരുമാനവും പ്രദാനം ചെയ്യാന്‍ ശേഷിയില്ലാത്ത വ്യവസ്ഥയായി, കൊടിയ മത്സരത്തില്‍ അധിഷ്ഠിതമായി മുതലാളിത്തം മാറിയിരിക്കുന്നു.

മുതലാളിത്തത്തിന്റെ ഈ ആന്തരിക പ്രതിസന്ധി കമ്പോള വികസനത്തിനുള്ള ശക്തി ക്ഷയിപ്പിച്ചിരിക്കുന്നതിനാല്‍ സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി സാമൂഹിക സുരക്ഷാ നടപടികള്‍ പോലും പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്- വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

വി.ടി.വി ദാമോദരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ബാവ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.പി ഗംഗാധരന്‍, എം. സുനീര്‍ (യുവകലാസാഹിതി),കെ.വി ധനേഷ്‌കുമാര്‍, ചി. കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട്, ജോഷി ഒഡേസ,അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.