ഇസ്താംബുൾ: ഗസയിൽ നൂറുകണക്കിന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആഗോള മാധ്യമങ്ങൾ അവഗണിക്കുകയാണെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ.
270 ലധികം മാധ്യമപ്രവർത്തകർ ഗസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പ്രധാനപ്പെട്ട ആഗോള മാധ്യമങ്ങൾ ഇതിനെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാധ്യമ സംഘടനകൾ ഗസയിലെ മാധ്യമപ്രവർത്തകരുടെ മരണത്തെ വേണ്ടത്ര റിപ്പോർട്ട് ചെയ്തില്ലെന്നും എർദോഗൻ കൂട്ടിച്ചേർത്തു.
13,500 വിദ്യാർത്ഥികളെയും 830 അധ്യാപകരെയും 193 അക്കാദമിക് വിദഗ്ധരെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെട്ടിച്ചമച്ച കാരണങ്ങളുപയോഗിച്ച് ഗസയിൽ ഇസ്രഈൽ വെടിനിർത്തൽ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനങ്ങൾക്കിടയിലും വെടിനിർത്തൽ കരാർ ഹമാസ് പാലിക്കുന്നുണ്ടെന്ന് എർദോഗൻ കൂട്ടിച്ചേർത്തു.
ഗസയിലെ സമാധാനത്തിനായ് പ്രവർത്തിക്കുമെന്നും പിന്തുണ നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ആഴ്ച ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ ഈ വിഷയങ്ങൾ ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു
ഇസ്രഈലിനുമേൽ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദം ചെലുത്തണമെന്നും ഇതിലൂടെ നെതന്യാഹുവിനെ തടയാൻ കഴിയുമെന്നും എർദോഗൻ നേരത്തെ പറഞ്ഞിരുന്നു.
ഗസയിൽ വെടിനിർത്തൽ പൂർണമായും നടപ്പാക്കണമെന്നും ഗസയിലെ ഇസ്രഈലിൻ്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Global media ignores hundreds of journalists killed in Gaza: Erdogan