സഞ്ജു ഈ ഓസ്ട്രേലിയന്‍ താരങ്ങളുടെ കോമ്പിനേഷന്‍: ഗ്ലെന്‍ മഗ്രാത്
Cricket
സഞ്ജു ഈ ഓസ്ട്രേലിയന്‍ താരങ്ങളുടെ കോമ്പിനേഷന്‍: ഗ്ലെന്‍ മഗ്രാത്
ഫസീഹ പി.സി.
Thursday, 12th March 2026, 7:12 pm

ടി – 20 ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്. ബാറ്റ് ചെയ്യുമ്പോളുള്ള ശാന്തതയാണ് തനിക്ക് സഞ്ജുവില്‍ ഏറെ ഇഷ്ടമുള്ളതെന്നും എപ്പോഴും താരം വളരെ കൂളായാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളായ മാര്‍ക്ക് വോയുടെയും ഡാമിയന്‍ മാര്‍ട്ടിന്റെയും ഒരു കോമ്പിനേഷനാണ് സഞ്ജുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസ്റ്റ് ബൗളിങ് കാര്‍ട്ടല്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മഗ്രാത്.

ഗ്ലെന്‍ മഗ്രാത്. Photo: England’s Barmy Army/x.com

‘വളരെ റിലാക്‌സ്ഡായാണ് കളിക്കുന്നതെന്നാണ് എനിക്ക് സഞ്ജു സാംസണില്‍ ഏറെ ഇഷ്ട്ടപ്പെട്ട കാര്യം. എത്ര വലിയ സമ്മര്‍ദത്തിലും അവന്റെ ഭാവം ഒരിക്കലും മാറില്ല. അവന്‍ വളരെ ശാന്തമായാണ് ബാറ്റ് ചെയ്യുക.

സഞ്ജു മാര്‍ക്ക് വോയുടേത് പോലെ സ്വഭാവമുള്ള കളിക്കാരനാണ്. അവന്‍ വോയുടെയും ഡാമിയന്‍ മാര്‍ട്ടിന്റെയും കോമ്പിനേഷനാണ് എന്ന് ഞാന്‍ പറയും. അത്രയധികം റിലാക്‌സഡാണ് അവന്‍,’ മഗ്രാത് പറഞ്ഞു.

ഡാമിയൻ മാർട്ടിനും മാർക്ക് വോയും.Photo: sacricketmag

2026 ടി – 20 ലോകകപ്പില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച താരം ടൂര്‍ണമെന്റിന്റെ അവസാനത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നേടും തൂണായിമാറുകയായിരുന്നു. വെര്‍ച്യുല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലുമെല്ലാം താരം 80+ റണ്‍സ് സ്‌കോര്‍ ചെയ്താണ് ടീമിന് വിജയമുറപ്പിച്ചത്. ഇന്ത്യയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ചത് ഈ ഹാട്രിക്ക് അര്‍ധ സെഞ്ച്വറികളാണ്.

സഞ്ജു സാംസൺ. Photo: BCCI/x.com

ടൂര്‍ണമെന്റില്‍ വെറും വെറും അഞ്ച് മത്സരങ്ങളില്‍ മാത്രം കളിച്ച സഞ്ജുവിന്റെ സമ്പാദ്യം 321 റണ്‍സാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സും ഇംഗ്ലണ്ടിനും ന്യൂസിലാന്‍ഡിനും എതിരെ 89 റണ്‍സുമായിരുന്നു താരം അടിച്ചെടുത്തത്.

ഈ പ്രകടനങ്ങളുടെ കരുത്തില്‍ ടൂര്‍ണമെന്റിലെ മൂന്നാമത്തെ റണ്‍ വേട്ടക്കാരനായും ഇന്ത്യയുടെ ടോപ് സ്‌കോററുമായുമായാണ് സഞ്ജു ലോകകപ്പ് അവസാനിപ്പിച്ചത്. ഇതിനൊപ്പം ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം നേടി.

 

Content Highlight: Glenn McGrath says that Sanju Samson is between Mark Waugh and  Damien Martyn

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി