ബെയ്ജിങ്: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ചൈനീസ് അംബാസഡര്‍ സു ഫെയ്ഹോങ്. ട്രംപിനെ ‘ഭീഷണിക്കാരന്‍’ എന്നായിരുന്നു ചൈനീസ് അംബാസിഡര്‍ വിശേഷിപ്പിച്ചത്.
റഷ്യയുമായി ഇന്ത്യ എണ്ണ വ്യാപാരം തുടരുന്നതിന്റെ പേരിലാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ കൂടി ട്രംപ് ചുമത്തിയത്. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി.
‘ഭീഷണിപ്പെടുത്തുന്നയാള്‍ക്ക് ഒരു ഇഞ്ച് കൊടുക്കൂ, അദ്ദേഹം ഒരു മൈല്‍ ദൂരം മുന്നോട്ട് പോകും,’ എന്നായിരുന്നു ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ സു ഫെയ്‌ഹോങ് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ബ്രസീല്‍ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും തമ്മില്‍ അടുത്തിടെ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഒരു ഭാഗവും അദ്ദേഹം പങ്കുവെച്ചിരുന്നു.
മറ്റ് രാജ്യങ്ങളെ അടിച്ചമര്‍ത്താന്‍ താരിഫ് ഉപയോഗിക്കുന്നത് യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും ലോക വ്യാപാര സംഘടനയുടെ നിയമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും ഇരുവരും സംഭാഷണത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി അമേരിക്കയുടെ ഒരു പ്രധാന പങ്കാളിയായിട്ടായിരുന്നു യു.എസ് ഇന്ത്യയെ കണ്ടിരുന്നത്. അതേസമയം ചൈന എതിര്‍പക്ഷത്തുമായിരുന്നു.
എന്നാല്‍ ഓഗസ്റ്റ് അവസാനത്തോടെ മോദി ചൈന സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യാത്ര ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2018 ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചൈന സന്ദര്‍ശനമായിരിക്കുമിത്. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത് 2024 ല്‍ റഷ്യയിലാണ്.
മറ്റ് രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്ന ട്രംപിന്റെ നടപടി അന്യായവും നീതികരണമില്ലാത്തതുമാണെന്നാണ് രാജ്യം പ്രതികരിച്ചത്.
അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യാ സന്ദര്‍ശനത്തിന്റെ തിയതി തീരുമാനിച്ചിട്ടുണ്ടെന്ന് മോസ്‌കോ സന്ദര്‍ശന വേളയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു.
കഴിഞ്ഞ ഇന്ത്യ-റഷ്യ ഉച്ചകോടിയെ ഉഭയകക്ഷി ബന്ധത്തിലെ ‘നിര്‍ണ്ണായക നിമിഷങ്ങള്‍’ എന്നായിരുന്നു അജിത് ഡോവല്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരന്നു. ജൂലൈയില്‍ 22ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി മോദി മോസ്‌കോയിലെത്തിയിരുന്നു.
മൂന്നാം തവണ അധികാരമേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായുള്ള യാത്രയായിരുന്നു അത്. സന്ദര്‍ശന വേളയില്‍, ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തിയിരുന്നു.
ഒക്ടോബറില്‍ കസാനില്‍ പ്രധാനമന്ത്രി മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴും ഇരു നേതാക്കളും കണ്ടുമുട്ടിയിരുന്നു.
Content Highlight: ‘Give the bully an inch, he will…’Chinese ambassador after Donald Trump’s 50% US tariff on India