കേരള ബോക്സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.
ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ബെത്ലഹേം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റീലിസിനു പിന്നാലെയും സിനിമയെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
ഇപ്പോഴിതാ പ്രേമലുവിന് ശേഷം ഒരു വർഷത്തോളം പ്രേമലു 2വിന്റെ ജോലികളിലായിരുന്നു തങ്ങളെന്നും ചിത്രം ഒഴിവാക്കേണ്ടി വന്നപ്പോൾ ആ സമയം നഷ്ടമായതിൽ വലിയ വിഷമം തോന്നിയെന്നും പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. പ്രേമലു 2വിന് പകരം ബെത്ലഹേം കുടുംബ യൂണിറ്റ് ചെയ്യാമെന്ന് തീരുമാനിച്ചതിനെക്കുറിച്ച് സിനിമയുടെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഗിരീഷ് എ.ഡി.
‘പ്രേമലു കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഞങ്ങൾ ബെത്ലഹേം തുടങ്ങുന്നത്. അത്രയും കാലം പ്രേമലു 2വിന്റെ തിരക്കുകളിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ആ സിനിമ ഒഴിവാക്കേണ്ടി വന്നു. ഒരു വർഷം അങ്ങനെ പോയല്ലോ എന്നത് ഞങ്ങൾക്ക് വലിയ വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു. അങ്ങനെ ആ സമയം കളയേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെയാണ് ബെത്ലഹേം ചെയ്യാമെന്ന ചിന്തയിലോട്ട് എത്തുന്നത്.
പ്രേമലു ഇത്രത്തോളം ഹിറ്റായതുകൊണ്ടാണ് പ്രേമലു 2 എന്ന ആശയത്തിന് പിന്നാലെ പോയത്. എന്നാൽ ആ സമയത്ത് ഭാവന സ്റ്റുഡിയോസും എന്നോടൊപ്പം തിരക്കഥ എഴുതിയ കിരണും ഞങ്ങളുടെ ഡയറക്ഷൻ ടീമും വലിയ പിന്തുണയാണ് നൽകിയത്. അവരുടെ പിന്തുണ കൊണ്ടാണ് വളരെ വേഗത്തിൽ ബെത്ലഹേമിന്റെ സ്ക്രിപ്റ്റ് എഴുതാൻ കഴിഞ്ഞത്,’ ഗിരീഷ് പറഞ്ഞു.
പ്രേമലു 2വിന്റെ ജോലികൾക്ക് പകരം ബെത്ലഹേം ഒരുക്കിയതുകൊണ്ട് വലിയ സമയനഷ്ടമുണ്ടായില്ലെന്നും ഗിരീഷ് പറഞ്ഞു.
‘ഇപ്പോൾ പ്രേമലു 2 ഇറങ്ങുകയായിരുന്നെങ്കിൽ കഴിഞ്ഞ വിഷുവിന് ഇറങ്ങേണ്ടതായിരുന്നു. അതിൽനിന്ന് മൂന്ന് നാല് മാസം കഴിഞ്ഞിട്ടാണ് ബെത്ലഹേം ഇറങ്ങിയത്. അപ്പോൾ നമുക്ക് അത്ര ടൈമൊന്നും നഷ്ടമായിട്ടില്ല. കാരണം, അത്രയും റാപിഡായിട്ടാണ് അതിന്റെ വർക്കുകൾ നമ്മൾ ചെയ്തത്,’ ഗിരീഷ് വ്യക്തമാക്കി.
സിനിമയുടെ വിജയം വ്യക്തിപരമാണെന്നും എല്ലാവർക്കും ഒരുപാട് നനന്ദിയുണ്ടെന്നും ഗിരീഷ് കൂട്ടിച്ചർത്തു.

പ്രേമലു 2.Photo. IMDb.
‘അപ്പോഴും ഈ സിനിമ ഇത്ര വലിയ വിജയമാകുമെന്ന് നമ്മൾ വിചാരിച്ചിരുന്നില്ല. ഇതൊരു വലിയ ഇൻഡസ്ട്രി ഹിറ്റായി മാറി. എനിക്ക് ഇത് വ്യക്തിപരമായൊരു വിജയം കൂടിയാണ്. അതിന് എന്റെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്,’ ഗിരീഷ് എ.ഡി പറഞ്ഞു.
Content Highlight: Girish A.D. was speaking at the film’s success meet about the decision to make ‘Bethlehem Kudumba Unit’ instead of ‘Premalu 2’.
