വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ശരണ്യ, പ്രേമലു എന്നീ ഹാട്രിക് ഹിറ്റുകളെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി.
വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ശരണ്യ, പ്രേമലു എന്നീ ഹാട്രിക് ഹിറ്റുകളെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി.
അധികം കോംപ്ലിക്കേറ്റഡ് ആക്കാതെ ലളിതമായി കഥ പറയുക എന്നതാണ് തന്റെ രീതിയെന്ന് ഗിരീഷ് പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് സിനിമ പോലെ എളുപ്പം കണ്ടു തീര്‍ക്കാവുന്ന ഒന്ന്. നമ്മുടെ ജീവിതത്തോടടുപ്പമുള്ള, പരിചയമുള്ള ആളുകളെ സ്‌ക്രീനില്‍ കാണിക്കാനാണ് കൂടുതലായും ശ്രമിക്കാറ്. ഒരു മനുഷ്യനുണ്ടാകുന്ന പരിമിതികളും വിഹ്വലതകളും സന്തോഷങ്ങളും ജീവിതത്തിലെന്ന പോലെ കാണാന്‍ സാധിക്കുമ്പോഴേ ആളുകള്‍ക്കത് കണക്ട് ആകൂ.
അത്തരം സിനിമകളാണ് കാണാനും ചെയ്യാനുമിഷ്ടം. എപ്പോഴും മിനിമം ഗ്യാരന്റി എന്ന പ്രതീക്ഷ കാത്തുസൂക്ഷിക്കണമെന്നതാണ് ഇപ്പോഴുള്ള വെല്ലുവിളി. അതിനുള്ള ശ്രമങ്ങളാണ് എന്റെ ഓരോ സിനിമകളും,’ ഗിരീഷ് എഡി പറയുന്നു.
ജെന്‍ സീ വൈബറിഞ്ഞ സംവിധായകന്‍ എന്നൊരു വിശേഷണം ഗിരീഷ് എ.ഡിയെ കുറിച്ചുണ്ട്. ഈ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ജെന്‍ സീ വൈബ് കിട്ടാന്‍ പ്രത്യേകമായി താനൊന്നും ചെയ്യാറില്ലെന്നും മനസില്‍ ചെറുപ്പം സൂക്ഷിക്കുന്നത് കൊണ്ടായിരിക്കാം അത്തരം വൈബ് സെറ്റ് ആകുന്നതെന്നും ഗിരീഷ് പറഞ്ഞു.
‘ഇപ്പോഴത്തെ ചെറുപ്പത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ആ പ്രായത്തില്‍ നമ്മളൊക്കെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കാര്യങ്ങള്‍ തന്നെയാണ് സിനിമകളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്. അതിനെ ജെന്‍ സി ഗണത്തില്‍ പെടുത്താന്‍ പറ്റുമോ എന്നൊന്നുമറിയില്ല. എന്തുകൊണ്ടോ അത് ആളുകള്‍ക്ക് കണക്ടായി,’ ഗിരീഷ് പറഞ്ഞു.
Content highlight: Girish A.D. on the success of his films and his filmmaking methods