അജിത് സാറിനൊപ്പം മുഴുനീളവേഷം ചെയ്യുന്ന ഒരു പ്രൊജക്ടിലേക്ക് എന്നെ വിളിച്ചിരുന്നു, അത് പോയപ്പോള്‍ ബി.പി കൂടി ആശുപത്രിയിലായി: ജിബിന്‍ ഗോപിനാഥ്
Malayalam Cinema
അജിത് സാറിനൊപ്പം മുഴുനീളവേഷം ചെയ്യുന്ന ഒരു പ്രൊജക്ടിലേക്ക് എന്നെ വിളിച്ചിരുന്നു, അത് പോയപ്പോള്‍ ബി.പി കൂടി ആശുപത്രിയിലായി: ജിബിന്‍ ഗോപിനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th November 2025, 4:10 pm

ഡീയസ് ഈറേ കണ്ടവരാരും ആ ചിത്രത്തിലെ മധുസൂദനന്‍ പോറ്റിയെ മറക്കാനിടയില്ല. പ്രണവ് മോഹന്‍ലാലിനൊപ്പം ആദ്യാവസാനം നിറഞ്ഞുനിന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ജിബിന്‍ ഗോപിനാഥാണ്. ചെറിയ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ജിബിന്റെ ആദ്യ മുഴുനീളവേഷമാണിത്. ഡീയസ് ഈറേക്ക് മുമ്പ് തനിക്ക് മറ്റൊരു സിനിമയില്‍ മുഴുനീളവേഷത്തിലേക്ക് വിളിച്ചിരുന്നെന്ന് പറയുകയാണ് ജിബിന്‍ ഗോപിനാഥ്.

അജിത്തിന്റെ തമിഴ് സിനിമയില്‍ പ്രധാനവേഷമുണ്ടെന്ന് പറഞ്ഞ് ലൈക്ക പ്രൊഡക്ഷന്‍സ് ഒരുദിവസം തന്നെ വിളിച്ചിരുന്നെന്ന് ജിബിന്‍ പറഞ്ഞു. ലൈക്കയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തനിക്ക് വിശ്വാസമായില്ലെന്നും പിന്നീട് ട്രൂ കോളറെല്ലാം നോക്കിയപ്പോള്‍ വിശ്വാസം വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെല്ലുലോയ്ഡ് ഫിലിം മാഗസിനോട് സംസാരിക്കുകയായിരുുന്നു അദ്ദേഹം.

‘ഇവര്‍ എന്റെ പ്രൊഫൈലെല്ലാം ചെക്ക് ചെയ്‌തെന്നൊക്കെ എന്നോട് പറഞ്ഞു. ആരുടെ പടമാണെന്നോ സംവിധായകന്‍ ആരാണെന്നോ അറിയില്ലായിരുന്നു. അത് അവരോട് ചോദിച്ചപ്പോള്‍ ‘അജിത് സാറിന്റെ പടമാണ്’ എന്നായിരുന്നു മറുപടി. ഏത് അജിത്താണെന്ന് ചോദിച്ചപ്പോള്‍ ‘നമ്മ തല അജിത് സാര്‍, അവരുടെ അടുത്ത പടം വിഘ്‌നേശ് ശിവന്‍ സാറാണ് ഡയറക്ട് ചെയ്യുന്നത്. അതിലേക്കാണ് നിങ്ങളെ വിളിക്കുന്നത്’ എന്ന് പറഞ്ഞപ്പോള്‍ എന്റെ കിളി കംപ്ലീറ്റ് പോയി.

ആ പടത്തില്‍ അജിത് സാറിന്റെ കൂടെ ത്രൂ ഔട്ടുള്ള കഥാപാത്രമാണ് എന്റേതെന്ന് പറഞ്ഞു. ഞാനും സന്താനവുമാണ് അജിത് സാറിന്റെ ഫ്രണ്ട്‌സ്. അവര്‍ എന്റെ പ്രൊഫൈല്‍ അജിത് സാറിനെ കാണിച്ചെന്നും സാര്‍ ഓക്കെ പറഞ്ഞെന്നും കേട്ടപ്പോള്‍ മൊത്തം എക്‌സൈറ്റഡായി. 85 ദിവസത്തെ ഡേറ്റാണ് അവര്‍ ചോദിച്ചത്. ആറ് മാസത്തില്‍ 10 ദിവസം- 12 ദിവസം എന്ന രീതിക്ക് ഷൂട്ടിനെത്തുക എന്ന് പറഞ്ഞു. പക്ഷേ, ആ പ്രൊജക്ട് പിന്നീട് ഡ്രോപ്പായി’ ജിബിന്‍ ഗോപിനാഥ് പറഞ്ഞു.

ആ സിനിമക്ക് പകരം ലൈക്ക ചെയ്ത ചിത്രമായിരുന്നു വിടാമുയര്‍ച്ചിയെന്ന് ജിബിന്‍ പറഞ്ഞു. താന്‍ ആ വിവരം കേട്ടത് ഹോസ്പിറ്റലില്‍ വെച്ചായിരുന്നെന്നും ബി.പി കൂടിയതുകൊണ്ട് കുറച്ചുദിവസം അഡ്മിറ്റായെന്നും അദ്ദേഹം പറയുന്നു. അത്രയും പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു പ്രൊജക്ട് കൈയില്‍ നിന്ന് പോയതില്‍ വലിയ നിരാശയുണ്ടായിരുന്നെന്നും അത് മാറാന്‍ ഒരുപാട് സമയമെടുത്തെന്നും ജിബിന്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ തന്നെ നല്ല പ്രൊജക്ട് കിട്ടുമെന്ന് പറഞ്ഞ് പലരും ആശ്വസിപ്പിച്ചു. ഒടുവില്‍ വിടാമുയര്‍ച്ചി റിലീസാകുന്നതിന്റെ തലേദിവസം രാത്രി എന്റെ ഫോണിലേക്ക് രാഹുല്‍ സദാശിവന്‍ വിളിച്ചിട്ട് ഡീയസ് ഈറേയിലേക്ക് എന്നെ സെലക്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അത് എനിക്ക് തന്ന പോസിറ്റിവിറ്റി ചെറുതല്ല. ഡീയസ് ഈറേ വിജയമായി, എന്റെ ക്യാരക്ടറും ശ്രദ്ധിക്കപ്പെട്ടു’ ജിബിന്‍ ഗോപിനാഥ് പറയുന്നു.

Content Highlight: Gibin Gopinath saying he got a movie with Ajith Kumar and it was dropped