മതപരിവര്‍ത്തന നിരോധന നിയമത്തെ എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് കേന്ദ്രമന്ത്രി
Daily News
മതപരിവര്‍ത്തന നിരോധന നിയമത്തെ എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2015, 11:25 am

misra1ന്യൂദല്‍ഹി: ഇന്ത്യയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ കല്‍രാജ് മിശ്ര. എല്ലാ പാര്‍ട്ടികളും ഈ നിയമത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“മതപരിവര്‍ത്തനം സംബന്ധിച്ച് ഒരു നിയമം വേണമെന്ന് ഞങ്ങള്‍ തുടക്കത്തിലേ പറയുന്നുണ്ട്. എല്ലാ പാര്‍ട്ടികളും അതിനെ പിന്തുണയ്ക്കണം. ഈ വിഷയത്തില്‍ ഫലപ്രദമായ നിയമം വേണമെന്നതാണ് എന്റെ അഭിപ്രായം.” ഘര്‍ വാപസി വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വി.എച്ച്.പി നടത്തുന്ന ഘര്‍ വാപസി പദ്ധതിയില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ബി.ജെ.പി, പി.ഡി.പി സര്‍ക്കാറിനിടയിലെ അഭിപ്രായ ഭിന്നതകളോട് പ്രതികരിച്ചുകൊണ്ടാണ് മിശ്ര ഇങ്ങനെ പറഞ്ഞത്. നിലവിലെ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി അതത് സമയത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.