കൈക്കുഞ്ഞുമായി ഓടിവരുന്ന ഉണ്ണി മുകുന്ദൻ; ​‘ഗെറ്റ് സെറ്റ് ബേബി’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്
Film News
കൈക്കുഞ്ഞുമായി ഓടിവരുന്ന ഉണ്ണി മുകുന്ദൻ; ​‘ഗെറ്റ് സെറ്റ് ബേബി’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd November 2023, 12:55 pm

ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോ​ഗിക ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ​‘ഗെറ്റ് സെറ്റ് ബേബി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമെല്ലാമാണ് ചർച്ച ചെയ്യുന്നത്.

ഫസ്റ്റ് ലുക്കിൽ ഒരു കുഞ്ഞിനെയെടുത്ത് ഉണ്ണി മുകുന്ദൻ ഓടുന്ന ചിത്രമാണുള്ളത്. പുതുമയുള്ള ഈ ചിത്രം അണിയിച്ചൊരുക്കുന്നത് സംവിധായകൻ വിനയ് ഗോവിന്ദാണ്.

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ എൽ.എൽ.പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പ്രത്യാശിക്കുന്നു. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി.എസ് ആണ്. സുനിൽ കെ. ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. ചിത്രത്തിൻ്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യം ആരംഭിക്കും.

Content Highlight: Get set baby first look poster released