ഗസ വംശഹത്യ കേസ്: അന്താരാഷ്ട്ര കോടതിയില്‍ ഇസ്രഈലിനുള്ള പിന്തുണ പിന്‍വലിച്ച് ജര്‍മനി
World
ഗസ വംശഹത്യ കേസ്: അന്താരാഷ്ട്ര കോടതിയില്‍ ഇസ്രഈലിനുള്ള പിന്തുണ പിന്‍വലിച്ച് ജര്‍മനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2026, 11:41 am

ഹേഗ്: ഗസയിലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിന് നല്‍കിവന്ന നിയമപിന്തുണ പിന്‍വലിച്ച് ജര്‍മനി.

2023ല്‍ ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ വംശഹത്യ കേസ് ഫയല്‍ ചെയ്തപ്പോള്‍ ഇസ്രഈലിനെ പ്രതിരോധിക്കാന്‍ മുന്നിലുണ്ടായിരുന്ന ജര്‍മനിയുടെ ഈ നിലപാടുമാറ്റം ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഇസ്രഈലിനെ പിന്തുണയ്ക്കുമെന്ന മുന്‍ നിലപാടില്‍ നിന്ന് പിന്മാറാനുള്ള പ്രധാന കാരണം ജര്‍മനി തന്നെ നേരിടുന്ന മറ്റൊരു നിയമക്കുരുക്കാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ജോസഫ് ഹിന്റര്‍സെഹര്‍ സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര കോടതിയില്‍ ജര്‍മനിക്കെതിരെ നിക്കരാഗ്വ ഫയല്‍ ചെയ്ത കേസാണ് ഇതിന് കാരണം.

ഗസയിലെ വംശഹത്യയ്ക്ക് ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കിയും സാമ്പത്തിക-രാഷ്ട്രീയ പിന്തുണ നല്‍കിയും ജര്‍മനി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു എന്നാണ് നിക്കരാഗ്വയുടെ കേസ്.

ഇസ്രഈലിന് വേണ്ടിയുള്ള ഇടപെടലുകള്‍ തുടരുന്നത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് കണ്ടാണ് ജര്‍മനിയുടെ ഈ തന്ത്രപരമായ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ തങ്ങള്‍ക്കെതിരെ നിക്കരാഗ്വ നല്‍കിയ കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജര്‍മനിയുടെ തീരുമാനമെന്നും വക്താവ് വ്യക്തമാക്കി.

2024 ജനുവരിയില്‍ ഗസയിലെ ഇസ്രഈലിന്റെ വംശഹത്യയുമായി ബന്ധപ്പെട്ട ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ആദ്യ പാശ്ചാത്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു ജര്‍മനി.

എന്നാല്‍ ഇപ്പോള്‍ ഇസ്രഈലിന്റെ പ്രതിരോധത്തില്‍ ഔദ്യോഗികമായി ചേരേണ്ടതില്ലെന്നാണ് ജര്‍മനിയുടെ തീരുമാനം. അതേസമയം അന്താരാഷ്ട്ര സമ്മര്‍ദം ഭയന്നാണെന്ന് ജര്‍മനിയുടെ ഈ നടപടിയെന്നും വിലയിരുത്തലുണ്ട്.

ഇസ്രഈല്‍ വംശഹത്യ നടത്തിയതായി തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ജര്‍മനി പറഞ്ഞിട്ടില്ലെങ്കിലും, ഇസ്രഈലിനെ പരസ്യമായി ന്യായീകരിക്കുന്നതില്‍ നിന്ന് അവര്‍ പിന്നോട്ട് പോയിരിക്കുകയാണ്.

2023 ഡിസംബര്‍ 29 നാണ് ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ കേസ് ഫയല്‍ ചെയ്തത്. വംശഹത്യ കണ്‍വെന്‍ഷനിലെ നിരവധി ആര്‍ട്ടിക്കിളുകള്‍ ഇസ്രഈല്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

ഗസയിലെ ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുകയാണെന്നും കഠിനമായ ശാരീരിക-മാനസിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയാണെന്നും
നിര്‍ബന്ധിത നാടുകടത്തലും വംശഹത്യയിലേക്ക് നയിക്കുന്ന ജീവിതസാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചും ഒരു ജനതയെ ഇല്ലാതാക്കുകയാണെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇസ്രഈല്‍ നേരിടുന്നത്.

ഗസയില്‍ ഇസ്രഈലിന്റെ സൈനിക നടപടികള്‍ നിര്‍ത്താനും മാനുഷിക സഹായം ലഭ്യമാക്കാനും കോടതി ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തണമെന്നും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്ന UNRWA-യ്ക്കുള്ള ഫണ്ട് പുനരാരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇസ്രഈലിനെതിരായ കേസില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 11ന് നെതര്‍ലാന്‍ഡ്സും ഐസ്ലന്‍ഡും കേസില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

ഇവരെ കൂടാതെ കൊളംബിയ, ലിബിയ, മെക്‌സിക്കോ, ഫലസ്തീന്‍, സ്‌പെയിന്‍, തുര്‍ക്കി, ചിലി, മാലദ്വീപ്, ബൊളീവിയ, അയര്‍ലന്‍ഡ്, ക്യൂബ, ബെലീസ്, ബ്രസീല്‍, കൊമോറോസ്, ബെല്‍ജിയം, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളും വിവിധ തരത്തിലുള്ള ഇടപെടല്‍ അഭ്യര്‍ത്ഥനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഫലസ്തീനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസ്രഈല്‍ നടത്തുന്ന വിവേചനരഹിതമായ നടപടികളില്‍ പ്രതിഷേധിച്ചാണ് ചിലി കേസില്‍ ഭാഗമായത്. അന്താരാഷ്ട്ര കോടതിയിലെ ജര്‍മനിയുടെ ഈ നിലപാടുമാറ്റം ഇസ്രഈലിന് തിരിച്ചടിയാണ്.

 

Content Highlight: Germany withdraws legal backing for Israel in ICJ genocide case