ചരിത്രത്തിലാദ്യം! പരാഗ്വക്ക് മുന്നിൽ വീണ് ജർമനി ലോകകപ്പിൽ നിന്നും പുറത്ത്
FIFA World Cup 2026
ചരിത്രത്തിലാദ്യം! പരാഗ്വക്ക് മുന്നിൽ വീണ് ജർമനി ലോകകപ്പിൽ നിന്നും പുറത്ത്
സുദേവ് എ
Tuesday, 30th June 2026, 7:23 am

2026 ഫിഫ ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്ത്. റൗണ്ട് ഓഫ് 32ല്‍ പരാഗ്വയോട് പരാജയപ്പെട്ടാണ് മുന്‍ ചാമ്പ്യന്മാര്‍ മടങ്ങിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 4-3 എന്ന സ്‌കോറിനാണ് പരാഗ്വ വിജയിച്ചത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മനി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്താവുന്നത്. ഇതിന് മുമ്പ് നടന്ന നാല് പെനാല്‍റ്റി ഷൂട്ടൗട്ടിലും ജര്‍മനി വിജയിച്ചിരുന്നു. ജര്‍മനി ഒരു മേജര്‍ ടൂര്‍ണമെന്റില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്തായത് യൂറോ കപ്പ് ഫൈനലില്‍ ആയിരുന്നു.

1976ല്‍ ചെക്കോസ്ലോവാക്യയോട് 3-5ന് പരാജയപ്പെട്ടായിരുന്നു ജര്‍മനി പുറത്തായത്. ഇപ്പോള്‍ ലോകകപ്പിലും ഈ നിര്‍ഭാഗ്യം ജര്‍മനിയെ തേടിയെത്തിയിരിക്കുകയാണ്. ലോകകപ്പില്‍ നാലാം തവണയാണ് ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്താവുന്നത്. 1938, 2018, 2022 എന്നീ ലോകകപ്പിലാണ് ജര്‍മനി ഇതിന് മുമ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നഷ്ടമായത്.

അതേസമയം മത്സരത്തിന്റെ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 42ാം മിനിട്ടില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വയാണ് ആദ്യം ലീഡ് നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ 54ാം മിനിട്ടില്‍ കൈ ഹവേര്‍ട്‌സിലൂടെ ജര്‍മനി സമനില ഗോള്‍ നേടി. എക്‌സ്ട്രാ ടൈമില്‍ ജോനാഥന്‍ ടാഹിലൂടെ ജര്‍മനി ഗോള്‍ നേടിയെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. പരാഗ്വ ഗോള്‍ കീപ്പര്‍ക്കെതിരെ ഫൗള്‍ നടത്തിയതിനാണ് ഗോള്‍ നിഷേധിച്ചത്.

ഷൂട്ട് ഔട്ടില്‍ മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവരാനാണ് പരാഗ്വാക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ആന്റണിയോ സനബ്രിയ അടിച്ച ഷോട്ട് പുറത്തേക്കും ഫാബിയന്‍ ബല്‍ബുവന എടുത്ത കിക്ക് ജര്‍മനി ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ സേവ് ചെയ്യുകയും ചെയ്തു.

ജര്‍മനിക്ക് വേണ്ടി ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച്, ജമാല്‍ മുസിയാല, നദീം അമീരി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കൈ ഹാവേര്‍ട്‌സ്, ജോനാഥന്‍ എന്നിവരുടെ കിക്കുകള്‍ പാഴാവുകയും ചെയ്തു. പരാഗ്വ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ പ്രകടനവും നിര്‍ണായകമായി.

മത്സരത്തില്‍ ബോള്‍ പൊസഷനില്‍ വലിയ ആധിപത്യം പുലര്‍ത്തിയ ജര്‍മനിക്ക് സ്‌കോര്‍ ലൈനില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാതെ പോയി. 75 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ ജര്‍മനി 21 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഏഴ് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. പരാഗ്വ ഏഴ് ഷോട്ടുകളില്‍ നിന്നും നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചു.

ജൂലൈ അഞ്ചിനാണ് പരാഗ്വ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. സ്വീഡന്‍-ഫ്രാന്‍സ് മത്സരത്തിലെ വിജയികളായിരിക്കും പരാഗ്വയുടെ എതിരാളികള്‍.

 

Content Highlight: Germany knocked out of 2026 FIFA World Cup after losing to Paraguay

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.