സുഡാനിൽ അടിയന്തര വെടിനിർത്തൽ വേണം; ജർമനി, ജോർദാൻ, യു.കെ
Trending
സുഡാനിൽ അടിയന്തര വെടിനിർത്തൽ വേണം; ജർമനി, ജോർദാൻ, യു.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd November 2025, 7:53 am

മനാമ: സുഡാനിലെ എൽ ഫാഷറിൽ നടന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ടുകളെ തുടർന്ന് അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യു.കെ, ജർമനി, ജോർദാൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ.

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന സുരക്ഷാ ഉച്ചകോടിയിലാണ് വെടിനിർത്തലിന് ആഹ്വാനം നടത്തിയത്. നഗരത്തിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്എഫ്) നടത്തിയ അക്രമത്തെയും മന്ത്രിമാർ അപലപിച്ചു.

എൽ ഫാഷറിൽ ആർ.എസ്എഫ് നടത്തിയ കൂട്ടക്കൊലയിൽ നൂറുകണക്കിന് സിവിലിയന്മാരെ കൊന്നൊടുക്കുകയും വംശീയമായി ലക്ഷ്യം വെച്ചുള്ള അതിക്രമണങ്ങൾ നടത്തുകയും ചെയ്‌തെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പുറത്തുവിട്ട സാഹചര്യത്തിലാണ് ഈ ആഹ്വനം.

വെടിനിർത്തൽ പ്രാവർത്തികമാക്കാതെ ഇത്രയും വലിയ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.

‘ഗസയിലെ വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം ഇടപെട്ടതുപോലെ സുഡാനിലെ മാനുഷിക പ്രതിസന്ധിയിലും സംഘർഷത്തിലും ഇടപെടുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നു. എൽ ഫാഷറിൽ നിന്നുള്ള ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ശരിക്കും ഭയാനകമാണ്, ‘കൂപ്പർ പറഞ്ഞു.

കൂട്ടക്കൊലകളും പട്ടിണിയും മേഖലയിൽ വിനാശം വിതയ്ക്കുകയാണെന്നും സ്ത്രീകളും കുട്ടികളുമടക്കം ഇതിന്റെ ആഘാതം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽ ഫാഷറിൽ ആർ‌.എസ്‌.എഫ് നടത്തിയ കൂട്ടക്കൊലയെ അപലപിച്ചുകൊണ്ട് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുളും രംഗത്തെത്തി. സുഡാൻ ലോകാവസാനത്തിന്റെ സാഹചര്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സുഡാനിൽ നടന്ന ആക്രമണങ്ങളിൽ കാര്യമായ ലോക ശ്രദ്ധ മേഖലയിൽ ഉണ്ടായിട്ടില്ലെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി പറഞ്ഞു. മനുഷ്യത്വ രഹിതമായ സംഭവങ്ങളാണ് നടന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിൽ 450 ലധികം പേർ കൊല്ലപ്പെട്ടെന്നും കൂട്ട വധശിക്ഷകളും ലൈംഗിക അതിക്രമങ്ങളും നടന്നതായും റിപ്പോർട്ടുകളുണ്ട്. കൂട്ടക്കൊലയെ കഴിഞ്ഞ ദിവസം യു,എൻ സുരക്ഷാ കൗൺസിൽ അപലപിച്ചിരുന്നു. സുഡാൻ ഇരുണ്ട നരകത്തിലെ അധഃപതിച്ചിരിക്കുന്നുവെന്ന് യു.എൻ പറഞ്ഞു. ആർ.എസ്.എഫിന് രാജ്യത്തിനു പുറത്തുനിന്ന് ആയുധ വിതരണം നടത്തുന്നതിനെയും യു.എൻ വിമർശിച്ചിരുന്നു.

Content Highlight: Germany, Jordan, UK call for immediate ceasefire in Sudan