രണ്ടക്കം കടന്ന ഏക ടീം; പുറത്തായാലും ജര്‍മനി തന്നെ തന്നെ രാജാവ്
FIFA World Cup 2026
രണ്ടക്കം കടന്ന ഏക ടീം; പുറത്തായാലും ജര്‍മനി തന്നെ തന്നെ രാജാവ്
സുദേവ് എ
Tuesday, 14th July 2026, 2:47 pm

2026 ഫിഫ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 48 ടീമുകളുമായി തുടങ്ങിയ ടീമില്‍ ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രമാണ്. നാല് മത്സരങ്ങള്‍ മാത്രമാണ് 23ാം എഡിഷനില്‍ ഇനി ശേഷിക്കുന്നത്.

ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെയാണ് (ജൂലൈ 15) തുടക്കമാവുന്നത്. ആദ്യ സെമിയില്‍ ഫ്രാന്‍സും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും പരസ്പരം പോരടിക്കും. ജൂലൈ 16നാണ് രണ്ടാം സെമി ഫൈനല്‍.

ലോകകപ്പില്‍ മറ്റൊരു സെമി പോരാട്ടങ്ങള്‍ കൂടി അടുത്തെത്തിയിരിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ ടീമിന്റെ റെക്കോഡും ശ്രദ്ധ നേടുകയാണ്. നാല് തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയാണ് ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെമി ഫൈനലുകള്‍ കളിച്ചിട്ടുണ്ട്. 12 തവണയാണ് ജര്‍മന്‍ പട സെമി ഫൈനലുകളുടെ ഭാഗമായത്.

2014ല്‍ ലോകകപ്പ് നേടിയതിന് ശേഷം ഇതുവരെ സെമിയിലെത്താത്ത ഒരു ടീം ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നുവെന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. സെമി ഫൈനലുകളുടെ എണ്ണത്തില്‍ രണ്ടക്കം കടന്ന് ഏക ടീമും ജര്‍മനിയാണ്. ഫ്രാന്‍സ്, ബ്രസീല്‍ എന്നീ ടീമുകള്‍ എട്ട് സെമി ഫൈനലുകളുമായി ജര്‍മനിക്ക് പുറകിലുള്ളത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെമി ഫൈനലുകള്‍ കളിച്ച ടീം, സെമി ഫൈനലുകളുടെ എണ്ണം

ജര്‍മനി-12

ഫ്രാന്‍സ്-8

ബ്രസീല്‍-8

ഇറ്റലി-7

അര്ജന്റീന-6

ഉറുഗ്വേ-4

ഇംഗ്ലണ്ട്-4

സ്പെയ്ന്‍-3

അതേസമയം 2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാഗ്വേയോട് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പുതുമുഖങ്ങളായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വരവറിയിച്ച ജര്‍മനി രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ ടീം ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും കീഴടക്കി.

എന്നാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇക്വാഡോറിനെതിരെ 2-1ന് ജര്‍മനി പരാജയപ്പെടുകയായിരുന്നു. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടായിരുന്നു ജര്‍മന്‍ പട അടുത്ത റൗണ്ടിലേക്ക് കടന്നത്. പക്ഷെ റൗണ്ട് ഓഫ് 32ല്‍ പരാഗ്വേയോട് പെനാല്‍റ്റിയില്‍ വീണ് ജര്‍മനി പുറത്താവുകയായിരുന്നു.

2014ല്‍ ബ്രസീലിയന്‍ മണ്ണില്‍ നിന്നും ലോക കിരീടം നേടിയതിന് ശേഷം ജര്‍മനിക്ക് പിന്നീട് നടന്ന മേജര്‍ ടൂര്‍ണമെന്റുകളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 2018 റഷ്യന്‍ ലോകകപ്പിലും 2022 ഖത്തര്‍ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനി പുറത്തായിരുന്നു.

പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ യൂറോ കപ്പിലും ജര്‍മനി നിരാശപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനായിരുന്നു ടീമിന് സാധിച്ചിരുന്നത്. 2020 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനോടും ജര്‍മനി പരാജയപ്പെട്ടിരുന്നു.

 

Content Highlight: Germany is the most times played semi finals in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.