2026 ഫിഫ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോര്‍. ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിന്റെ വിജയം. മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്നതിന് ശേഷമാണ് ഇക്വഡോര്‍ വിജയിച്ചുകയറിയത്.

ഈ വിജയത്തോടെ ഇക്വഡോര്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്വഡോര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

മറുവശത്ത് ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നേരത്തെ തന്നെ ജര്‍മനി റൗണ്ട് ഓഫ് 32 ഉറപ്പിച്ചതിനാല്‍ ഈ തോല്‍വി ജര്‍മനിയെ ബാധിക്കില്ല. ആറ് പോയിന്റുമായി ഗ്രൂപ്പ് ഇ-യില്‍ ഒന്നാം സ്ഥാനത്താണ് ജര്‍മനി ഫിനിഷ് ചെയ്തത്.

ജർമനി ഫുട്ബോൾ ടീം

മത്സരം പരാജയപ്പെട്ടെങ്കിലും മത്സരത്തില്‍ നേടിയ ഒറ്റ ഗോളോടെ ഒരു വമ്പന്‍ നേട്ടമാണ് ജര്‍മനി സ്വന്തമാക്കിയത്. 21ാം നൂറ്റാണ്ടില്‍ 80 ഗോളുകള്‍ നേടുന്ന ആദ്യ ടീമായാണ് ജര്‍മനി മാറിയത്. 2002 ലോകകപ്പ് മുതല്‍ ഇതുവരെ 80 തവണയാണ് ജര്‍മന്‍ പട എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. 71 ഗോളുകള്‍ നേടിയ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്.

21ാം നൂറ്റാണ്ടില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം, ഗോളുകളുടെ എണ്ണം

ജര്‍മനി – 80

ബ്രസീല്‍ – 71

അര്‍ജന്റീന – 57

ഫ്രാന്‍സ് – 56

സ്പെയ്ന്‍- 51

പോര്‍ച്ചുഗല്‍ – 49

നെതര്‍ലാന്‍ഡ്സ് – 47

ഇംഗ്ലണ്ട് – 46

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ജര്‍മനി ലീഡ് നേടി. ലെറോയ് സനെയാണ് ഫ്‌ലോറിയന്‍ വിര്‍ട്‌സിന്റെ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. എന്നാല്‍ ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ഇക്വഡോര്‍ തിരിച്ചടിച്ചു. ഒമ്പതാം മിനിട്ടില്‍ പെഡ്രോ വൈറ്റ് നല്‍കിയ പന്ത് നില്‍സണ്‍ ആംഗുലോ പിഴവുകള്‍ ഒന്നും വരുത്താതെ വലയിലെത്തിച്ചാണ് സമനില പിടിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 48ാം മിനിട്ടില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും അത് വാര്‍ പരിശോധനയിലൂടെ അസാധുവായി. പിന്നീട് 77ാം മിനിട്ടില്‍ ജര്‍മനിയെ ഞെട്ടിച്ച് ഇക്വഡോര്‍ പന്ത് വലയിലെത്തിച്ചു. ഗോണ്‍സാലോ പ്ലാറ്റയാണ് ഗോള്‍ സ്‌കോറര്‍. കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം ഇക്വഡോറിനായി വിജയഗോള്‍ നേടിയത്.

ഇക്വഡോർ ഫുട്ബോൾ ടീം

അവസാന നിമിഷം വരെ സമനിലക്കായി ജര്‍മനി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയതോടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഇക്വഡോര്‍ ഗ്രൂപ്പ് ഘട്ടം കടക്കുകയായിരുന്നു.

 

Content Highlight: Germany is the first team to score 80 goals in the World Cup in the 21st century