നാണക്കേടിന് പിന്നാലെ മറ്റൊരു നാണക്കേടും; ജര്‍മനി മടങ്ങുന്നത് മുള്‍ക്കിരീടവുമായി!
Football
നാണക്കേടിന് പിന്നാലെ മറ്റൊരു നാണക്കേടും; ജര്‍മനി മടങ്ങുന്നത് മുള്‍ക്കിരീടവുമായി!
ശ്രീരാഗ് പാറക്കല്‍
Tuesday, 30th June 2026, 4:53 pm

2026 ഫിഫ ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായിരിക്കുകയാണ്. റൗണ്ട് ഓഫ് 32ല്‍ പരാഗ്വേയോട് പരാജയപ്പെട്ടാണ് മുന്‍ ചാമ്പ്യന്മാര്‍ മടങ്ങിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 4-3 എന്ന സ്‌കോറിനാണ് പരാഗ്വേ വിജയിച്ചത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മനി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്താവുന്നത്. ഇതിന് മുമ്പ് നടന്ന നാല് പെനാല്‍റ്റി ഷൂട്ടൗട്ടിലും ജര്‍മനി വിജയിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു നാണംകെട്ട രെക്കോഡും ജര്‍മന്‍ പടയുടെ തലയില്‍ വീണിരിക്കുന്നത്.

ജര്‍മനി

2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പുറത്തായതോടെ, ലോകകപ്പ് നേടിയ ശേഷം തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ റൗണ്ട് ഓഫ് 16ല്‍ പോലും എത്താനാകാതെ ആദ്യ ടീമായി മാറിയിരിക്കുകയാണ് ജര്‍മനി.

2014ല്‍ ലോകകപ്പ് സ്വന്തമാക്കാന്‍ ജര്‍മിക്ക് സാധിച്ചിരുന്നെങ്കിലും 2018ലും 2022ലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പരാജയപ്പെട്ട് പുറത്തായി. എന്നാല്‍ ഇത്തവണ റൗണ്ട് ഓഫ് 32ല്‍ പരാഗ്വേയോട് പരാജയപ്പെട്ട് വമ്പന്‍ നാണക്കേടിലേക്കാണ് ജര്‍മനി കൂപ്പുകുത്തിയത്.

അതേസമയം മത്സരത്തിന്റെ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 42ാം മിനിട്ടില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വയാണ് ആദ്യം ലീഡ് നേടിയത്.

പരാഗ്വ

എന്നാല്‍ രണ്ടാം പകുതിയില്‍ 54ാം മിനിട്ടില്‍ കൈ ഹവേര്‍ട്സിലൂടെ ജര്‍മനി സമനില ഗോള്‍ നേടി. എക്സ്ട്രാ ടൈമില്‍ ജോനാഥന്‍ ടാഹിലൂടെ ജര്‍മനി ഗോള്‍ നേടിയെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. പരാഗ്വേ ഗോള്‍ കീപ്പര്‍ക്കെതിരെ ഫൗള്‍ നടത്തിയതിനാണ് ഗോള്‍ നിഷേധിച്ചത്.

ഷൂട്ട് ഔട്ടില്‍ മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവരാനാണ് പരാഗ്വാക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ആന്റണിയോ സനബ്രിയ അടിച്ച ഷോട്ട് പുറത്തേക്കും ഫാബിയന്‍ ബല്‍ബുവന എടുത്ത കിക്ക് ജര്‍മനി ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍ സേവ് ചെയ്യുകയും ചെയ്തു.

ജര്‍മനിക്ക് വേണ്ടി ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച്, ജമാല്‍ മുസിയാല, നദീം അമീരി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കൈ ഹാവേര്‍ട്സ്, ജോനാഥന്‍ എന്നിവരുടെ കിക്കുകള്‍ പാഴാവുകയും ചെയ്തു. പരാഗ്വ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ പ്രകടനവും നിര്‍ണായകമായി.

ജൂലൈ അഞ്ചിനാണ് പരാഗ്വേ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. സ്വീഡന്‍-ഫ്രാന്‍സ് മത്സരത്തിലെ വിജയികളായിരിക്കും പരാഗ്വേയുടെ എതിരാളികള്‍.

Content Highlight: Germany In Unwanted Record Achievement In FIFA World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ