ബി.ബി.സിക്ക് പിന്നാലെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ റിപ്പോർട്ടുമായി ജർമൻ മാധ്യമം
national news
ബി.ബി.സിക്ക് പിന്നാലെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ റിപ്പോർട്ടുമായി ജർമൻ മാധ്യമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st February 2023, 10:23 am

ന്യൂദൽഹി: 2002 ​ഗുജറാത്ത് കലാപത്തിൽ ബി.ജെ.പിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക് പിന്നാലെ ഹിന്ദുത്വ പോപ് ​ഗായകർക്കെതിരെ റിപ്പോർട്ടുമായി ജർമൻ ബ്രോഡ്കാസ്റ്റർ. ജർമൻ മാധ്യമമായ ഡച്ച് വെല്ല (Deutsche Welle / DW) ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യ സൗണ്ട്ട്രാക്ക് ഓഫ് ഹേറ്റ്‘ എന്ന പേരിലാണ് ഡി.ഡബ്ല്യു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദുത്വ പോപ് ​ഗാനങ്ങളുടെ വളർച്ച രാജ്യത്തുണ്ടാക്കുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം ​ഗാനങ്ങൾ രാജ്യത്ത് ഹിന്ദു-മുസ്‌ലിം ഭിന്നത വർധിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

‘ഞങ്ങളുടെ മതത്തിന് കണ്ണേറുണ്ടാക്കുന്നവരെ വെടിവെച്ചു കൊല്ലും’, ‘ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണ്, മുല്ലകൾ പാക്കിസ്ഥാനിലേക്ക് പോകുക’ തുടങ്ങിയ ഹിന്ദി വിദ്വേഷ​ഗാനങ്ങളോടെയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. എന്നാൽ ​വിദ്വേഷ ​ഗായകരും ബി.ജെ.പിയും തമ്മിൽ ബന്ധമില്ലെന്നും ഇത്തരക്കാരെ ശ്രദ്ധയിൽപ്പെട്ടാൽ പാർട്ടിയെ ചോദ്യം ചെയ്യുന്നതിന് പകരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് ബി.ജെ.പി വക്താവായ അനില സിങ്ങിന്റെ പ്രതികരണം.

“വിദ്വേഷത്തിനോ വെറുപ്പിനോ ബി.ജെ.പിയിൽ ഇടമില്ല. അത്തരം കാര്യങ്ങളെ പാർട്ടി ഒരു തരത്തിലും അനുകൂലിക്കുന്നുമില്ല. ചില ​ഗായകർ വിദ്വേഷ ​ഗാനം പാടുന്നതിന് പാർട്ടിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വിദ്വേഷ ​ഗാനങ്ങൾ കേട്ട് അതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന ജനതയുണ്ടാകുന്നത് പാർട്ടിയുടെ പ്രശ്നമല്ല. ഇത്തരം ​ഗാനങ്ങൾ കേട്ട് അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ ഐക്യത്തിനോ കോട്ടം വരുത്തുമെന്ന് തോന്നുന്നവരുണ്ടെങ്കിൽ ​ഗായകർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൂ”, അനില സിങ് പറയുന്നു.

ഉത്തർപ്രദേശിൽ വലിയ രീതിയിൽ ജനശ്രദ്ധയാകർഷിക്കുന്ന പരിപാടിയായി ഇത്തരം വിദ്വേഷ ​ഗാനങ്ങൾ മാറിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വലിയ ജനക്കൂട്ടം ഇത്തരം ​ഗാനങ്ങൾ ആസ്വദിക്കുന്നു. വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വിദ്വേഷ വാർത്തകളെക്കാൾ വേ​ഗത്തിൽ സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ വിദ്വേഷ ​ഗാനങ്ങൾക്ക് സാധിക്കും. വിദ്യാഭ്യാസത്തിൽ മികച്ചതെങ്കിലും തൊഴിൽരഹിതരായ യുവാക്കളാണ് വിദ്വേഷരാഷ്ട്രീയത്തിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2022ൽ മധ്യപ്രദേശിലെ ഖാർ​ഗോണിൽ ഹിന്ദു മുസ്‌ലിം സംഘർഷമുണ്ടാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം നടക്കുന്നതിന് മുൻപ് രാമ നവമിയോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മുസ്‌ലിങ്ങൾക്കെതിരായ വിദ്വേഷ​ഗാനങ്ങൾ പാടിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഖാർ​ഗോണിൽ നടന്ന സംഘർഷത്തിൽ നിരവധി മുസ്‌ലിങ്ങൾക്ക് പരിക്കേറ്റിരുന്നു. കടകൾക്കും വീടുകൾക്കും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ഹിന്ദുത്വ പോപ് ​ഗായകരായ സന്ദീപ് ആചാര്യ, പ്രേം കൃഷ്ണവൻഷി എന്നിവരുമായും ഡി.ഡബ്ല്യു അഭിമുഖം നടത്തിയിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് സന്ദീപ് ആചാര്യയുടെ വിദ്വേഷ ​ഗാനങ്ങൾക്കുള്ളത്. യുട്യൂബിലൂടെ പങ്കുവെക്കുന്ന പല ​ഗാനങ്ങളും ബ്ലോക്ക് ചെയ്യപ്പെടാറുണ്ടെന്നും, തന്റെ യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യപ്പെട്ടാൽ മറ്റൊരു ചാനൽ ആരംഭിച്ച് ​ഗാനങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കുമെന്നുമാണ് സന്ദീപിന്റെ പ്രതികരണം. മുസ്ലിം വിരുദ്ധത തങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നെന്നും സന്ദീപ് പറയുന്നു.

“1947ൽ ഇന്ത്യയെ രണ്ടായി വിഭജിച്ചതാണ്. മുസ്‌ലിങ്ങൾക്ക് വേണ്ടിയാണ് പാക്കിസ്ഥാൻ രൂപീകരിച്ചത്. പിന്നെ അവർക്ക് ഇന്ത്യയിൽ എന്താണ് കാര്യം? അന്ന് മുസ്‌ലിങ്ങളെയും ഇന്ത്യയിൽ താമസിക്കാൻ അനുവദിച്ചു. എന്നാൽ ഇന്ന് അവർ രാജ്യത്തിന് ദോഷമാകും വിധം ജനസംഖ്യ ഉയർത്തുകയാണ്”, സന്ദീപ് പറയുന്നു. തന്റെ ​ഗാനങ്ങളിൽ അസഹിഷ്ണുതയുള്ളവർക്ക് രാജ്യം വിട്ട് പോകാമെന്നുമാണ് സന്ദീപിന്റെ പ്രതികരണം.

മുസ്‌ലിങ്ങൾക്ക് വേണ്ടി വേറെയും രാജ്യങ്ങളുണ്ട്, ഇന്ത്യ ഹിന്ദുക്കൾക്ക് വിട്ടുനൽകുന്നതിൽ എന്താണ് തെറ്റെന്നുമാണ് പ്രേം കൃഷ്ണവൻഷിയുടെ പ്രതികരണം. മുസ്‌ലിം വിശ്വാസപ്രകാരം പുണ്യഭൂമിയായ മക്ക ഹിന്ദുക്കളുടേതാണെന്നും മക്കയിൽ ശിവലിം​ഗമുണ്ടെന്നും പ്രേം അഭിമുഖത്തിൽ പറയുന്നുണ്ട്.

Content Highlight: After BBC, German media report against Hindutva politics