ഫലസ്തീനികള്‍ക്ക് എതിരെയുള്ള ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം ഭീകരതയെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി
Trending
ഫലസ്തീനികള്‍ക്ക് എതിരെയുള്ള ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം ഭീകരതയെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd August 2025, 11:43 am

ഗസ: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്ക് എതിരെ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. ഈ അക്രമണങ്ങള്‍ ഭീകരത ആണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

വെസ്റ്റ് ബാങ്കിലെ ഇസ്രഈലിന്റെ അധിനിവേശത്തിനെതിരായ ജര്‍മനിയുടെ എതിര്‍പ്പിനെ കുറിച്ചും വിദേശകാര്യ മന്ത്രി സംസാരിച്ചു. ഇത്തരം പ്രവൃത്തികള്‍ കുറ്റകൃത്യങ്ങളാണെന്നും അവ ഭീകരതയാണെന്നും ജോഹാന്‍ വാഡെഫുള്‍ പറഞ്ഞു.

അവരെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയിടെ കുടിയേറ്റക്കാരുടെ ആക്രമണം നടന്ന വെസ്റ്റ് ബാങ്കിലെ തായ്‌ബെ പട്ടണം വാഡെഫുള്‍ സന്ദര്‍ശിച്ചിരുന്നു.

അക്രമാസക്തരായ ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രഈലിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയ വഡെഫുള്‍ ‘ഗസയിലെ മാനുഷിക സാഹചര്യം സങ്കല്‍പ്പിക്കാന്‍ ആവുന്നതിലും അപ്പുറമാണ്’ എന്നായിരുന്നു പറഞ്ഞത്. ഉദ്യോഗസ്ഥരുമായുള്ള കൂടികാഴ്ചക്ക് ശേഷം പത്രസമ്മേളനത്തിലായിരുന്നു ഈ കാര്യം പറഞ്ഞത്.

പട്ടിണി മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ ഇസ്രഈല്‍ വേഗത്തില്‍ മതിയായ വൈദ്യസഹായവും മറ്റും അയക്കണമെന്നും ഭക്ഷണം കിട്ടാതെ ദിവസവും കുട്ടികളും സ്ത്രീകളും പുരുഷന്മാരും കൊല്ലപ്പെടുന്നുവെന്നും വഡെഫുള്‍ പറഞ്ഞു.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്നും എത്രയും വേഗം അത് പിന്‍വലിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയും കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

അതേസമയം, വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജര്‍മന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും ഇസ്രഈലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയിരുന്നു.

റാമല്ലയുടെ വടക്കുള്ള ഫലസ്തീന്‍ ഗ്രാമമായ സിന്‍ജില്‍ വച്ച് കുടിയേറ്റക്കാരുടെ അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു ലേഖകനും ക്യാമറാമാനും ആക്രമണത്തിന് ഇരയായത് വാര്‍ത്തയായിരുന്നു.

Content Highlight: German Foreign Minister Johann Wadephul condemns attacks by Israeli settlers against Palestinians in the occupied West Bank