അമേരിക്കയെ നാണംകെടുത്തി, ഇറാന്റെ കരുത്ത് ലോകം വിചാരിച്ചതിലും എത്രയോ കൂടുതല്‍; വിലയിരുത്തി ജര്‍മന്‍ ചാന്‍സലര്‍
World News
അമേരിക്കയെ നാണംകെടുത്തി, ഇറാന്റെ കരുത്ത് ലോകം വിചാരിച്ചതിലും എത്രയോ കൂടുതല്‍; വിലയിരുത്തി ജര്‍മന്‍ ചാന്‍സലര്‍
ആദര്‍ശ് എം.കെ.
Monday, 27th April 2026, 8:10 pm

ബെര്‍ലിന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക നാണംകെടുകയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ വാഷിങ്ടണിന് കൃത്യമായ പദ്ധതിയൊന്നുമില്ലെന്നും ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്.

നേരത്തെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സംഭവിച്ചതുപോലെ അമേരിക്ക മറ്റൊരു ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും മെര്‍സ് മുന്നറിയിപ്പ് നല്‍കി.

നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയില്‍ തിങ്കളാഴ്ച വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് അവിടെ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്ന് അറിയുന്നതും, എന്നാല്‍ നിലവില്‍ അമേരിക്കയ്ക്ക് വ്യക്തമായ ഒരു എക്‌സിറ്റ് സ്ട്രാറ്റജി ഇല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു

ഇറാന്റെ കരുത്ത് ലോകം വിചാരിച്ചതിലും എത്രയോ കൂടുതലാണെന്ന് മെര്‍സ് നിരീക്ഷിച്ചു.

‘ഇറാനികള്‍ വ്യക്തമായി തന്നെ ചര്‍ച്ചകളില്‍ വളരെ പ്രാവീണ്യമുള്ളവരാണ് അല്ലെങ്കില്‍ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ചര്‍ച്ച നടത്താതിരിക്കാന്‍ തന്നെ അതിവിശേഷമായ കഴിവുള്ളവര്‍. അമേരിക്കക്കാരെ ഇസ്‌ലാമാബാദിലേക്ക് യാത്ര ചെയ്യിപ്പിച്ച്, യാതൊരു ഫലവും കൂടാതെയാണ് വീണ്ടും മടങ്ങിപ്പോകാന്‍ അവര്‍ അനുവദിച്ചിരിക്കുന്നത്.

ഇറാനിയന്‍ നേതൃത്വത്താല്‍, പ്രത്യേകിച്ച് ഈ റെവല്യൂഷണറി ഗാര്‍ഡ് എന്ന് വിളിക്കപ്പെടുന്നവരാല്‍, ഒരു രാഷ്ട്രം മുഴുവന്‍ അപമാനിക്കപ്പെടുന്നു. അതിനാല്‍ ഇത് എത്രയും വേഗം അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മെര്‍സ് പറഞ്ഞു.

‘ഇതുപോലുള്ള സംഘര്‍ഷങ്ങളുടെ പ്രശ്‌നം, എപ്പോഴും നിങ്ങള്‍ അതില്‍ ഏര്‍പ്പെട്ടാല്‍ മാത്രം പോരാ – അതില്‍ നിന്നും പുറത്തുകടക്കണം എന്നതാണ്. 20 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ അത് വളരെ വേദനാജനകമായി കണ്ടു. ഇറാഖിലും ഞങ്ങള്‍ അത് കണ്ടു,’ ജര്‍മന്‍ ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് ഇറാനെതിരെ ആക്രമണം തുടങ്ങുന്നതിന് മുന്‍പ് അമേരിക്കയോ ഇസ്രഈലോ ജര്‍മനിയുമായോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായോ ആലോചിച്ചിരുന്നില്ലെന്ന് മെര്‍സ് പറഞ്ഞു. ഇത് അമേരിക്കയും നാറ്റോ സഖ്യകക്ഷികളും തമ്മിലുള്ള ആഴത്തിലുള്ള ഭിന്നതയെയാണ് സൂചിപ്പിക്കുന്നത്.

ഈ യുദ്ധം ജര്‍മനിയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുണ്ടെന്നും ചാന്‍സലര്‍ വ്യക്തമാക്കി.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആഗോള എണ്ണ വിതരണത്തിന് സുപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഭാഗികമായി മൈനുകള്‍ വിതറിയിട്ടുണ്ടെന്നും യുദ്ധം അവസാനിക്കുകയാണെങ്കില്‍ ഈ മൈനുകള്‍ നീക്കം ചെയ്യുന്നതിനായി ജര്‍മ്മനിയുടെ ‘മൈന്‍ സ്വീപ്പര്‍’ കപ്പലുകള്‍ അയക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

 

Content highlight: German Chancellor Friedrich Merz says Iran humiliated America

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.