വേതന വര്‍ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരത്തില്‍; ജര്‍മന്‍ എയര്‍ലൈന്‍സിന്റെ 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി
World News
വേതന വര്‍ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരത്തില്‍; ജര്‍മന്‍ എയര്‍ലൈന്‍സിന്റെ 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 12:04 pm

ബര്‍ലിന്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടതോടെ ജര്‍മന്‍ എയര്‍ലൈന്‍സിന്റെ 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി.

ജര്‍മന്‍ എയര്‍ലൈനായ ലുഫ്താന്‍സയാണ് (Lufthansa) പാസഞ്ചര്‍ ഫ്‌ളൈറ്റുകളും കാര്‍ഗോ ഫ്‌ളൈറ്റുകളുമടക്കം അവരുടെ 800 സര്‍വീസുകള്‍ വെള്ളിയാഴ്ച ക്യാന്‍സല്‍ ചെയ്തത്.

വെറൈനിഗങ് കോക്ക്പിറ്റ് (Vereinigung Cockpit) എന്ന പൈലറ്റുമാരുടെ യൂണിയന്‍ മുഴുവന്‍ദിന പണിമുടക്ക് പ്രഖ്യാപിച്ചതോടെയായിരുന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത്.

ലുഫ്താന്‍സ പൈലറ്റുമാര്‍ വെള്ളിയാഴ്ച മുഴുവന്‍ദിവസ പണിമുടക്ക് നടത്തുമെന്ന് വെറൈനിഗങ് കോക്ക്പിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കോര്‍ പാസഞ്ചര്‍ ബിസിനസിന്റെയും കാര്‍ഗോ അനുബന്ധ സ്ഥാപനമായ ഡി.പി.എയുടെയും ഫ്‌ളൈറ്റുകളെ ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജര്‍മന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യൂണിയനില്‍ അംഗങ്ങളായ 5,000ലധികം പൈലറ്റുമാര്‍ക്ക് ഈ വര്‍ഷം 5.5 ശതമാനം ശമ്പള വര്‍ധനവും 2023ലേക്ക് ഓട്ടോമാറ്റിക് പണപ്പെരുപ്പ ക്രമീകരണവുമാണ് വെറൈനിഗങ് കോക്ക്പിറ്റ് ആവശ്യപ്പെടുന്നത്.

എന്നാല്‍ യൂണിയന്‍ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

സാഹചര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് ലുഫ്താന്‍സ കമ്പനി വ്യക്തമാക്കി.

”പണിമുടക്ക് കാരണം ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ന് റദ്ദാക്കുമെന്നും ഇത് 130,000 യാത്രക്കാരെ ബാധിക്കുമെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ എയര്‍ലൈന്‍ അറിയിച്ചു.

വരും ദിവസങ്ങളിലും ചില സര്‍വീസുകള്‍ റദ്ദാക്കാനും വൈകാനുമുള്ള സാധ്യതകളെ കുറിച്ചും കമ്പനി മുന്നറിയിപ്പ് നല്‍കി.

Content Highlight: German airline Lufthansa cancels 800 flights as pilots go on strike demanding pay rise