കൊച്ചി: കന്യാസ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിനായി ബി.ജെ.പി മാത്രമാണ് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രകാലം ജയിലില്‍ കിടത്താം എന്നാണ് ആലോചിക്കുന്നത്. അതിനാലാണ് രാജീവ് ചന്ദ്രശേഖര്‍ അനൂപ് ആന്റണിയെ ആദ്യം തന്നെ ഛത്തീസ്ഗഢിലേക്ക് അയച്ചത്. അദ്ദേഹവും ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
കന്യാസത്രീകളുടെ ജാമ്യാപേക്ഷ തള്ളിയത് അപേക്ഷ നല്‍കിയതിലെ പിഴവ് മൂലമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ആദ്യം മജിസ്ട്രേറ്റ് കോടതിയില്‍ ഒരു ജാമ്യാപേക്ഷ പോയി. അത് അസീസി സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ചുമതലപ്പെടുത്തിയ ആളല്ല. സി.ബി.സി.എ ചുമതലപ്പെടുത്തിയ ആളല്ല എന്ന് അവരും പറഞ്ഞു.
ആരാണ് ജാമ്യാപേക്ഷ കൊടുത്തതെന്ന് ആദ്യം പറയണം. പൊലീസ് ഞായറാഴ്ച രാവിലെ തന്നെ കുട്ടികളുടെ മാതാപിതാക്കളെ കൊണ്ട് വന്നിരുന്നു. അവരേയും കോടതിയില്‍ ഹാജരാക്കണമായിരുന്നു. അവര്‍ ഞായറും തിങ്കളും അവിടെ ഉണ്ടായിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ കൊടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അത് കൊടുത്തില്ല. ചൊവ്വാഴ്ച്ച ഇവര്‍ പുറപ്പെട്ട് കഴിഞ്ഞപ്പോഴാണ് ജാമ്യാപേക്ഷ നല്‍കിയത്. അത് അപ്പോള്‍ തന്നെ തള്ളി.
നടപടിക്രമം പൂര്‍ത്തിയാക്കാതെ അപേക്ഷ കൊടുത്താല്‍ തള്ളിക്കളയും. അതേസമയം മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികള്‍ ആണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി കൃത്യമായി മറുപടി നല്‍കിയില്ല. അത് പറയാന്‍ താന്‍ കേവലം മന്ത്രി മാത്രമാണെന്നും അത് തീരുമാനിക്കേണ്ടത് കോടതിയാണെന്നുമാണ് ജോര്‍ജ് കുര്യന്‍ മറുപടി നല്‍കിയത്.
ഛത്തീസ്ഗഢിലെ വിഷയം സഭകളെ ബോധ്യപ്പെടുത്തുമെന്നും നിലവില്‍ ഏതെങ്കിലും വിധത്തില്‍ ഈ സംഭവം ബി.ജെ.പിക്ക് തിരിച്ചടിയായി എന്ന് പറയാന്‍ സാധിക്കില്ലെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളെ പിടിച്ചത് ബി.ജെ.പി അല്ല. ടി.ടി.ഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയത്. കേരളത്തിലെ മുഖ്യധാരസഭങ്ങള്‍ മതപരിവര്‍ത്തനം നടത്താറില്ല. ഇവിടെ മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന കാര്യം പറയാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢിലെ കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ടാണ് സമരം ചെയ്യാത്തതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു. അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന സഭകളെ അനുനനയിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് സഭ മേലധ്യക്ഷന്മാരെ കണ്ടിരുന്നു.
Content Highlight: George Kurien reacts to the Chhattisgarh issue