വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർ.എസ്.എസ് ഗീതം പാടിയതിനെ ന്യായീകരിച്ച് ജോർജ് കുര്യൻ
Kerala
വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർ.എസ്.എസ് ഗീതം പാടിയതിനെ ന്യായീകരിച്ച് ജോർജ് കുര്യൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th November 2025, 10:15 am

തിരുവനന്തപുരം: കൊച്ചി- ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫിന് പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. വിദ്യാർത്ഥികൾ ഗീതം പാടിയാൽ എന്താണ് കുഴപ്പമെന്നും അത് ഇന്ത്യയുടെ പൈതൃകത്തെ കുറിച്ചുള്ള പാട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു സംഘഗാനമാണെന്നും ഹിന്ദു എന്ന വാക്കുപോലും പാട്ടിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇതൊരു ഗ്രൂപ്പ് സോങാണ്. ഇത് കുട്ടികളുടെ ഗാനമായിട്ട് ഒരു സ്കൂളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിനെന്താണ് കുഴപ്പം. ഇന്ത്യയെ കുറ്റം പറയുന്നവരെ സംബന്ധിച്ചെടുത്തോളം ഇത് വലിയ കുറ്റമായിരിക്കും,’ ജോർജ് കുര്യൻ പറഞ്ഞു.

ഇന്നലെ രാവിലെ നടന്ന വീഡിയോ കോൺഫെറൻസിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ ട്രെയിനിനുള്ളിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ ഗീതം ആലപിച്ചത്.

കുട്ടികൾ ആർ.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ സതേൺ റെയിൽവേ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാദമായതോടെ അത് പിൻവലിക്കുകയും തുടർന്ന് സതേൺ റെയിൽവേ അവരുടെ ഔദ്യോഗിക പേജിൽ വീഡിയോ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.

സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരുന്നത്.

വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അപരമത വിദ്വേഷവും വര്‍ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍.എസ്.എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: George Kurien justifies singing RSS anthem at Vande Bharat inauguration