ബാസ്‌ബോള്‍ കാലം കഴിഞ്ഞു എന്നത് വ്യക്തമാണ്; വിമര്‍ശനവുമായി ജെഫ്രി ബോയ്‌കോട്ട്
Sports News
ബാസ്‌ബോള്‍ കാലം കഴിഞ്ഞു എന്നത് വ്യക്തമാണ്; വിമര്‍ശനവുമായി ജെഫ്രി ബോയ്‌കോട്ട്
ശ്രീരാഗ് പാറക്കല്‍
Monday, 22nd December 2025, 8:04 am

ആഷസില്‍ അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തിലും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. മത്സരത്തില്‍ 81 റണ്‍സിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിന് പുറമെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം കങ്കാരുപ്പടയ്ക്ക് തന്നെയായായിരുന്നു. വിജയത്തോടെ ആഷസ് നിലനിര്‍ത്താന്‍ ഓസീസിനും സാധിച്ചു. ഇതോടെ കാലങ്ങളായി ഓസീസ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ത്രീ ലയണ്‍സിന്റെ സ്വപ്‌നവും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

എന്നാല്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റവാങ്ങുന്ന ഇംഗ്ലണ്ട് ടീമിന്റെ സമീപനത്തെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌കോട്ട്. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ഇംഗ്ലണ്ടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് ഒരുപാട് പ്രശംസ അര്‍ഹിക്കുന്നെന്നും എന്നാല്‍ ടീമിന്റെ ബാസ്‌ബോള്‍ സമീപനത്തിന്റെ കാലം കഴിഞ്ഞെന്നും മുന്‍ താരം എടുത്തുപറഞ്ഞു.

വ്യക്തമായി എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിന് മാറ്റങ്ങള്‍ വരുത്തേണ്ടത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദി ടെലിഗ്രാഫിലെ തന്റെ കോളത്തില്‍ എഴുതുകയായിരുന്നു മുന്‍ താരം.

‘ബ്രണ്ടന്‍ മക്കല്ലം, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് ഒരുപാട് പ്രശംസ അര്‍ഹിക്കുന്നു. പക്ഷേ ബാസ്‌ബോള്‍ കാലം കഴിഞ്ഞു എന്നത് വ്യക്തമാണ്. ഈ സാഹചര്യം തുടരാന്‍ അനുവദിക്കാനാവില്ല. വ്യക്തമായി എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം, Photo: Croctoday/google.com

കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിന് മാറ്റങ്ങള്‍ വരുത്തേണ്ടത് നിര്‍ണായകമാണ്. നിങ്ങള്‍ ക്യാപ്റ്റനെ നിലനിര്‍ത്തുന്നതാണ് നല്ലത്, പക്ഷേ മാറ്റം അനിവാര്യമെങ്കില്‍ ഇംഗ്ലണ്ട് മറ്റൊരു ക്യാപ്റ്റനെ അന്വേഷിക്കേണ്ടിവരും,’ ജെഫ്രി എഴുതി.

അതേസമയം ആഷസ് ട്രോഫിയിലെ നാലാം മത്സരം ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. എം.സി.ജിയാണ് വേദി. പരമ്പര ഓസീസിന് വൈറ്റ് വാഷിന് വിട്ടുകൊടുക്കാതെ അഭിമാന വിജയം തേടിയാകും ത്രീ ലയണ്‍സ് കളത്തിലിറങ്ങുന്നത്.

Content Highlight: Geoffrey Boycott criticizes England coach Brendon McCullum and captain Ben Stokes

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ