ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയെന്ന് പ്രമുഖ ഇസ്രഈലി എഴുത്തുകാരന്‍ ഡേവിഡ് ഗ്രോസ്മാന്‍. ഗസയിലെ രക്തച്ചൊരിച്ചില്‍ തന്റെ ഹൃദയം തകര്‍ത്തുവെന്ന് ഗ്രോസ്മാന്‍ പറഞ്ഞു. ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രോസ്മാന്റെ പരാമര്‍ശം.
ഇസ്രഈലിനെ ഒരു ‘വംശഹത്യാ രാഷ്ട്രം’ എന്ന് വിളിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്ത ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ ഇപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഗ്രോസ്മാന്‍ പറയുന്നത്.
‘വര്‍ഷങ്ങളോളം ഞാന്‍ ‘വംശഹത്യ’ എന്ന വാക്ക് ഉപയോഗിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ നിരന്തരമായി പത്രങ്ങളിലൂടെ വാര്‍ത്തകള്‍ വായിക്കുകയും ചിത്രങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍ സംസാരിക്കാതിരിക്കാന്‍ കഴിയുന്നില്ല. വംശഹത്യ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയുന്നില്ല എന്ന് ഉറപ്പിച്ച് പറയാം,’ ഡേവിഡ് ഗ്രോസ്മാന്‍ പറഞ്ഞു.
ഗസയിലെ മനുഷ്യരോട് സംസാരിച്ചതിന് ശേഷവും വംശഹത്യ എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ലെന്നും ഗ്രോസ്മാന്‍ കൂട്ടിച്ചേര്‍ത്തു. വംശഹത്യ എന്ന വാക്ക് ഹിമപാതം പോലെയാണ്. ഒരിക്കല്‍ പറഞ്ഞ് കഴിഞ്ഞാല്‍ അത് ഹിമപാതം പോലെ വലുതാകുന്നു. കൂടുതല്‍ നാശവും കഷ്ടപ്പാടമാണ് അതുണ്ടാക്കുന്നതെന്നും ഗ്രോസ്മാന്‍ പറഞ്ഞു.
ഗസയിലെ മരണനിരക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം നുറുങ്ങുന്നുവെന്നും ഗ്രോസ്മാന്‍ അഭിമുഖത്തതില്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗ്രേസ്മാന്‍ വ്യക്തമാക്കി.
ഹോളോകോസ്റ്റ് നേരിട്ട ജനതയോടുള്ള അനുതാപം അടങ്ങുന്ന ധാര്‍മിക പ്രതിബദ്ധത, ജൂതന്മാരോട് മാത്രമല്ല എല്ലാ മനുഷ്യരോടും ഉണ്ടാകണമെന്നും ഡേവിഡ് ഗ്രോസ്മാന്‍ പറഞ്ഞു. 1967ലെ ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള അധിനിവേശത്തോടെയാണ് ഇസ്രഈലിന്റെ ശാപം ആരംഭിച്ചതെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
ഹമാസിനെതിരെയും ഗ്രോസ്മാന്‍ വിമര്‍ശനമുയര്‍ത്തി. നമ്മള്‍ കാണുന്ന എല്ലാ അതിക്രമങ്ങള്‍ക്കും ഇസ്രഈലിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഹമാസിനെ മുന്‍നിര്‍ത്തിക്കൊണ്ട് ഗ്രോസ്മാന്‍ പരാമര്‍ശിച്ചു.
നിലവിലെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 119 ഫലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. പട്ടിണി മൂലം ആറ് ഫലസ്തീനികളാണ് ഇന്ന് (ഞായര്‍) മരിച്ചത്.
ഇതോടെ ഗസയില്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചവരുടെ എണ്ണം 175 ആയി. ഇതില്‍ 93 കുട്ടികളും ഉള്‍പ്പെടുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഗസയിലുടനീളം ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 60,839 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 149,588 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Israeli writer david grossman says Gaza war as ‘genocide’