ഗസയിലെ വംശഹത്യ; ദൽഹി ഇസ്രഈൽ എംബസിയിലേക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രതിഷേധം, വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
national news
ഗസയിലെ വംശഹത്യ; ദൽഹി ഇസ്രഈൽ എംബസിയിലേക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രതിഷേധം, വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th June 2025, 9:01 pm

ന്യൂദൽഹി: ദൽഹിയിലെ ഇസ്രായേൽ എംബസി പരിസരത്ത് പ്രതിഷേധിച്ച ഇടതുപക്ഷ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. ഗസ അധിനിവേശത്തിനും വംശഹത്യക്കുമെതിരെ പ്രതിഷേധിച്ച ഇടതുപക്ഷ വിദ്യാർത്ഥി സംഘടന നേതാക്കളെ ഒന്നടങ്കം പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

എസ്.എഫ്.ഐ ദൽഹി സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ സൂരജ് എലാമോണിനെയും ജോയിൻ്റ് സെക്രട്ടറി മെഹിന ഫാത്തിമയേയും സമരവേദിയിലേക്ക് പോകുംവഴി ദൽഹി പൊലീസ് ഓട്ടോറിക്ഷയിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. .എ. ഐ.എസ്.എ നേതാക്കളായ ജെ. എൻ. യു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ് നിതീഷ് കുമാർ, ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ സൗരഭ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.

യുകെയിൽ നിന്ന് ഗാസയിലേക്ക് ഭക്ഷ്യധാന്യങ്ങളും ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ പോലുള്ള അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി യുകെയിൽ നിന്ന് ഗാസയിലേക്ക് പോയ മാഡ്ലീൻ എന്ന കപ്പലിലെ പ്രവർത്തകരെ ഇസ്രായേൽ നാവികസേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയതിൽ പ്രതിഷേധിച്ച് ഇസ്രഈൽ എംബസിയിലേക്കുള്ള യാത്രാമധ്യേ, എ.പി.ജെ അബ്ദുൾ കലാം മാർഗിലെ ഞങ്ങളുടെ ഓട്ടോറിക്ഷയിൽ ദൽഹി പൊലീസ് എന്നെയും എസ്‌.എഫ്‌.ഐ ദൽഹി ജോയിന്റ് സെക്രട്ടറി സഖാവ് മെഹിന ഫാത്തിമയെയും ബലമായി കസ്റ്റഡിയിലെടുത്തു, സൂരജ് ഫേസ്ബുക്കിൽ കുറിച്ചു.

ദൽഹി പൊലീസിന്റെ അഴിമതി നിറഞ്ഞ നിലപാടാണ് ഇവിടെ പ്രതിഫലിപ്പിക്കുന്നതെന്നും ഇസ്രഈൽ സമകാലിക ചരിത്രത്തിലെ ഏറ്റവും മോശമായ വംശഹത്യയിൽ ഏർപ്പെടുകയും ഫലസ്തീനികളെ കൂട്ടത്തോടെ പട്ടിണിയിലാക്കുകയും ചെയ്യുമ്പോൾ, നമ്മുടെ സർക്കാർ മൗനം പാലിക്കുകയും ഇസ്രായേലിന്റെ നടപടികൾക്കെതിരായ ശബ്ദങ്ങളെ സജീവമായി അടിച്ചമർത്തുകയും ചെയ്യുന്നു.

അടിച്ചമർത്തലുകൾക്കിടയിലും, നിലവിൽ വിദ്യാർത്ഥികൾ സമരസ്ഥലത്ത് നിന്നും നീങ്ങാൻ വിസമ്മതിക്കുന്നുവെന്നും എംബസിയിലേക്ക് മാർച്ച് ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് 30 ഓളം പേരെ കസ്റ്റഡിയിലെടുത്തതെന്നും ദൽഹി അവരെ ബവാന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, കുറച്ച് സമയത്തിന് ശേഷം വിട്ടയക്കുമെന്നും ദൽഹി പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ഗസയിലേക്കുള്ള സഹായഹസ്തവുമായി മാഡ്‌ലിന്‍ എന്ന കപ്പലിലാണ് 12 അംഗ സംഘം എത്തിയത്. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്. അവരില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് അംഗം റിമ ഹസന്‍, അല്‍ ജസീറയിലെ ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ ഒമര്‍ ഫയാദ് എന്നിവരും ഉള്‍പ്പെടുന്നു.

ഗസയിലെ സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമായി ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള സഹായഹസ്തവുമായി ഫ്രീഡം ഫ്‌ലോട്ടില്ലയുടെ മാഡ്‌ലിന്‍ എന്ന കപ്പല്‍ പുറപ്പെട്ടത്. ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിസിനുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്. എന്നാല്‍ ഇവരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ ഗ്രെറ്റ പുറത്ത് വിട്ട വീഡിയോയില്‍ തങ്ങളെ ഇസ്രഈല്‍ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തിയിരുന്നു. ആ വീഡിയോ കാണുന്ന തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഖാക്കളോടും തന്റെയും മറ്റുള്ളവരുടേയും മോചനത്തിനായി സ്വീഡിഷ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Genocide in Gaza; Leftist protest at Israeli embassy in Delhi, students arrested and removed by police